തിരുവനന്തപുരം: കേരളത്തിൽ 11.6 ശതമാനം പേർക്ക് കൊവിഡ് വന്നു പോയെന്ന് ഐസിഎംആറിൻ്റെ പഠന റിപ്പോർട്ട്. ദേശീയ ശരാശരിയുടെ പകുതിയാണിത്. 21 ശതമാനമാണ് ദേശീയ ശരാശരി.കേരളത്തിൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലായി 1,244 ആൻ്റി ബോഡി പരിശോധനകളാണ് നടത്തിയത്. ഇതിൽ 11.6 ശതമാനം പേരിൽ മാത്രമാണ് രോഗം വന്നു പോയതിൻ്റെ ആൻ്റി ബോഡി കണ്ടെത്തിയത്. സംസ്ഥാനം നടത്തിയ പരിശോധനകൾ, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറൻ്റീൻ തുടങ്ങിയവയാണ് കൊവിഡ് വന്നു പോയവരുടെ എണ്ണം കുറയാൻ കാരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
മെയിൽ നടത്തിയ ഒന്നാം ഘട്ട പഠനത്തിൽ കേരളത്തിൽ 0.33 ശതമാനം പേർക്ക് കൊവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ഓഗസ്റ്റിൽ നടത്തിയ രണ്ടാം ഘട്ട പഠനത്തിലാണ് കേരളത്തിൽ 0.8 ശതമാനത്തിനും ഇന്ത്യയിൽ 6.6 ശതമാനത്തിനും കൊവിഡ് വന്നു പോയെന്ന് കണ്ടെത്തിയത്. ഡിസംബറിൽ നടത്തിയ മൂന്നാം ഘട്ട പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നത്.