തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗികളില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ രോഗ മുക്തരായി. സ്ഥിതി അതീവ രൂക്ഷമെന്നും മുഖ്യമന്ത്രി. 1697 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 973 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 177106 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 247 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവരില്‍ 40 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശ്ശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
മഹാരാഷ്ട്ര 25. തമിഴ്നാട് 10, കര്‍ണ്ണാടക 3, ഉത്തര്‍ പ്രദേശ്, ഹരിയാന ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒന്ന് വീതം, ഡല്‍ഹി 4, ആന്ധ്ര 3 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ കണക്ക്. 3597 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് മൂന്ന്, കണ്ണൂര്‍ കോഴിക്കോട് ഒരോന്ന് വീതമാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.എം.ആര്‍ വഴി 14000 കിറ്റുകള്‍ കൂടി ലഭിച്ചു. ഇതില്‍ 10000 കിറ്റുകള്‍ ജില്ലകള്‍ക്ക് നല്‍കി. 40000 കിറ്റുകള്‍ കൂടി മൂന്ന് ദിവസം കൊണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച 15000 ടെസ്റ്റുകൾ വരെ നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹ വ്യാപനമുണ്ടൊ എന്ന് നിരീക്ഷിക്കാന്‍ കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ എത്തിയാല്‍ ഈ മാസം ഒരു ലക്ഷം പേര്‍ സംസ്ഥനത്ത് എത്തുമെന്നും മുഖ്യമന്ത്രി. ആരാധനാലയങ്ങളും മാളുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം പാലിക്കും. ഇക്കാര്യത്തില്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കും. സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.