തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരള മാത്യക തെറ്റെങ്കില്‍ ശരിയേതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പേരില്‍ ജനങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും ഇതിനായി ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്നും സിപിഎം വാരികയായ ചിന്തയിലെ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ നൂറ് ദിനത്തോടനുബന്ധിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം, ടിപിആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമാണെന്നാണ് ജനങ്ങള്‍ക്കിടയില്‍ പ്രരിപ്പിക്കുന്നത്.
പ്രതിരോധത്തില്‍ കേരളത്തിനു വീഴ്‌ചപറ്റിയിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങളും പ്രവര്‍ത്തനങ്ങളും ശരിയല്ലെന്നും ചര്‍ച്ചകളുണ്ട്. നമ്മുടെ മാതൃക തെറ്റാണെന്നാണ് പറയുന്നവര്‍ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭിച്ചതിലുമധികം വാക്‌സിനുകള്‍ നല്‍കിയ സംസ്ഥാനം
കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സിറോ പ്രിവലെന്‍സ് സര്‍വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്.
വാക്‌സിനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്‌സിന്‍ പോലും നഷ്ടപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസു കൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്‌സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി.
മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജം
യാഥാര്‍ഥ്യം ഇതായിരിക്കെ ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുമുളള സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിന് കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തെ മരണനിരക്കിന്‍റെ മൂന്നിലൊന്ന് മാത്രമാണിത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. എന്നാല്‍, ഇവിടെ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല.
കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതു കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്‌സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല
കൊവിഡ് പ്രതിരോധത്തിന്‍റെ ഓരോ ഘട്ടത്തിലും കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നുവെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളില്‍ ഭക്ഷ്യകിറ്റു കൊടുത്തപ്പോള്‍ അതു തടയാനായി കോടതിയില്‍ പോയത്.
എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയപ്പോള്‍ സര്‍ക്കാരിന് ഭ്രാന്താണെന്നു വിളിച്ചുകൂവിയതും ഇക്കൂട്ടരാണ്. സങ്കുചിത രാഷ്ട്രീയത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നെങ്കില്‍ എന്നു ജനങ്ങള്‍ ആശിച്ച സന്ദര്‍ഭങ്ങളാണ് അതൊക്കെ.
അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്തു ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Also read: പിണറായി 2.0 നൂറാം ദിവസത്തിലേക്ക്, കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍