തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ വിശദമായ വാദം വീണ്ടും കേള്‍ക്കണമെന്ന് ലോകായുക്ത. പുതിയ ഒരംഗം കൂടിയുള്ള സാഹചര്യത്തില്‍ വിശദമായ വാദം കേട്ടാല്‍ മാത്രമേ തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. ഇന്ന് ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്ത ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, ഹര്‍ജിക്കാരനായ ശശികുമാറിന്‍റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പറിയിച്ചു. ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് പുതുയായി അംഗമായ ഉപലോകായുക്ത. കേസിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണമായും കേള്‍ക്കാമെന്ന് ഫുള്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ തന്നെ ലോകായുക്ത നിലപാടെടുത്തു. വിശദവാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ മുന്നില്‍ നിരത്തിയതാണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഇനി വിശദമായ വാദത്തിന്‍റെ ആവശ്യമില്ലെന്നും ഹൈക്കോടതിയുടെയും ലോകായുക്തയുടെയും മുന്‍വിധികള്‍ ചൂണ്ടികാണിച്ച് ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടു. എന്നാല്‍, വിശദമായ വാദം മൂന്നംഗ ബെഞ്ചിന് കേള്‍ക്കണമെന്ന് ജഡ്‌ജിമാര്‍ നിലപാടെടുത്തു.
നിലപാട് വ്യക്തമാക്കി ഉപലോകായുക്തയും: കേസിന്‍റെ സാധുത സംബന്ധിച്ച് എതിരഭിപ്രായം ഇല്ലെന്നും മന്ത്രിസഭ തീരുമാനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരം ഉണ്ടോ എന്ന കാര്യത്തിലാണ് വ്യത്യസ്‌ത അഭിപ്രായം ഉണ്ടായതെന്നും ലോകായുക്ത വ്യക്താക്കി. വിശദവാദം കേട്ടാല്‍ നിലവിലെ വ്യത്യസ്‌ത വിധിയില്‍ പോലും മാറ്റമുണ്ടായേക്കാമെന്നും തുറന്ന മനസും തുറന്ന സാഹചര്യവുമാണ് ഫുള്‍ ബെഞ്ചിനുള്ളതെന്നും ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു. താന്‍ പുതുതായി ബെഞ്ചിലേക്ക് എത്തിയതാണ്. ആദ്യം മുതല്‍ തനിക്ക് വാദം കേള്‍ക്കണമെന്നും ഉപലോകായുക്ത വ്യക്തമാക്കി.
വിശദമായ വാദം കേട്ട് വിധി പറയാന്‍ തയ്യാറാണ്. അങ്ങനെ തന്നെ എന്ന് ഏറ്റുവിളിക്കാനല്ല പുതിയ ജഡ്‌ജി കൂടി ബെഞ്ചിലേക്ക് എത്തിയതെന്ന് ഹര്‍ജിക്കാരനോട് ലോകായുക്ത പറഞ്ഞു. വഞ്ചി തിരുനക്കര തന്നെ എന്ന നിലപാടില്‍ ഹര്‍ജിക്കാരന്‍ നില്‍ക്കരുത്. ഇത് ലോകായുക്തയുടെ സമയം പാഴാക്കുന്നതാണെന്നും ലോകായുക്ത വിമര്‍ശിച്ചു. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത് മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമാണ്. അതില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരാന്‍ കഴിയില്ല. മന്ത്രിസഭ തീരുമാനം മുഖ്യമന്ത്രി ഒറ്റക്ക് എടുക്കുന്നതല്ല. മന്ത്രിസഭയുടെ തീരുമാനം കൂട്ടായി എടുക്കുന്നതാണ്. ഹര്‍ജിയില്‍ പറയുന്നവരില്‍ ആരും ഇപ്പോള്‍ മന്ത്രിമാരല്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.
ALSO READ | ദുരിതാശ്വാസ നിധി കേസ് : ഫുൾ ബെഞ്ചിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി ഹൈക്കോടതി
ദുരിതാശ്വസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നതില്‍ ഏതെങ്കിലും മന്ത്രി എതിര്‍പ്പ് അറിയിച്ചോയെന്ന് ഹര്‍ജിക്കാരന് അറിയില്ല. അത് അറിയാതെയാണ് സ്വജനപക്ഷപാതം എന്ന ആരോപണം ഉന്നയിക്കുന്നത്. ഇത് നില്‍ക്കുന്ന കാര്യമാണോയെന്ന് പരിശോധിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാകണമെന്നും ലോകായുക്ത വ്യക്തമാക്കി. പത്രവാര്‍ത്ത കണ്ടല്ല വിശദമായ വിവരങ്ങള്‍ ശേഖരിച്ചാണ് ഹര്‍ജി നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ മറുപടി. പണം നല്‍കിയ കാര്യത്തില്‍ മന്ത്രിമാര്‍ക്ക് വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനെ ഉപലോകായുക്ത ഹാറൂണ്‍ റഷീദ് എതിര്‍ത്തു.
വാദിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ലോകായുക്ത: വാദിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതായും അതിനാല്‍ വാദം തുടരുന്നില്ലെന്നും ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം വ്യക്തമാക്കി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വാദിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു ലോകായുക്തയുടെ പ്രതികരണം. ചോദ്യങ്ങള്‍ യുക്തിസഹമല്ലെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. മുന്‍വിധിയോടെയാണ് ഉപലോകായുക്ത സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
താന്‍ പറയുന്നത് ഇഷ്‌ടപ്പെടാത്തത് കൊണ്ട് വളഞ്ഞ രീതിയില്‍ വാദിക്കുകയാണെന്നും അതുകൊണ്ട് മിണ്ടാതിരിക്കാം എന്നും ഉപലോകായുക്ത വ്യക്തമാക്കി. ഇന്നത്തെ വാദം പൂര്‍ത്തിയാക്കിയ ശേഷം കേസ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. സര്‍ക്കാരിന് വേണ്ടി ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ഹാജരായി. പരാതിക്കാരന്‍ ആര്‍എസ് ശശികുമാറും ഇന്ന് കോടതിയില്‍ എത്തിയിരുന്നു.