തിരുവനന്തപുരം : എച്ച് ഐ വി സാന്ദ്രത പൂജ്യത്തിലെത്തിക്കാന്‍ പ്രത്യേക പ്രചാരണ പദ്ധതിയുമായി കേരളം. ലോക എയ്‌ഡ്‌സ് ദിനമായ നാളെ (ഡിസംബര്‍ 1) ആരോഗ്യ വകുപ്പിന് കീഴില്‍ ഒന്നായ് പൂജ്യത്തിലേക്ക് എന്ന പദ്ധതി തുടങ്ങും (Kerala Campaign To Achieve Zero HIV Infection). നിലവില്‍ രാജ്യത്ത് എച്ച് ഐ വി സാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എച്ച് ഐ വി അണുബാധ സാന്ദ്രത ദേശീയ ശരാശരി 0.22 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 0.06 ശതമാനമാണ്. ഇത് പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
'സമൂഹങ്ങള്‍ നയിക്കട്ടെ' (Let Communities Lead) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്‌ഡ്‌സ് ദിന സന്ദേശം. എച്ച് ഐ വി ബാധിതര്‍ക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവര്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സമൂഹത്തിന് സൂപ്രധാന പങ്കാണ് നിര്‍വഹിക്കാനുളളത്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളം ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനുള്ള യജ്ഞം നേരത്തേ തന്നെ ആരംഭിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കേരളത്തില്‍ എച്ച് ഐ വി സാന്ദ്രത കുറവാണെങ്കിലും ജോലിക്കും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോകുന്നതും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് കുടിയേറുന്നതും അണുബാധാ സാന്ദ്രത കൂട്ടാനിടയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളില്‍ സുരക്ഷാമാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനാണ് പ്രത്യേക ക്യാംപയിന്‍.
Also Read: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം; രാജ്യത്ത് ഇതുവരെ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷം പേർക്ക്
എച്ച് ഐ വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. എച്ച് ഐ വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്‌സ്‌മിയര്‍ പരിശോധന, ഭൂമിയുള്ളവര്‍ക്ക് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം, പ്രതിമാസ ചികിത്സാധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്‌പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കി വരുന്നുണ്ട്.