തിരുവനന്തപുരം: കരുവന്നൂർ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്‌ന പരിഹാരം സംബന്ധിച്ച് സർക്കാർ നടപടികൾ വിലയിരുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും (Kerala Cabinet Meet Today). നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനുള്ള ആലോചനകൾ നടക്കുകയാണ്. എന്നാൽ സഹകരണ നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം മാറുകയുള്ളൂ. ഇതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
ഇതിന് പുറമെ സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ മീറ്റിങ്ങും ഇന്ന് നടക്കും. മാത്രമല്ല റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാൻ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കാനും സാധ്യതയുണ്ട്. കമ്മീഷന് വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് അനുസരിച്ച് നിർദേശം നൽകാനാണ് ശ്രമിക്കുന്നത്.
കമ്മീഷൻ സാങ്കേതിക പ്രശ്‍നം ഉന്നയിച്ചാണ് യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്‍റെ ദീർഘ കാല കരാർ റദ്ദാക്കിയത്. ഇതിന് പിന്നാലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെയാണ് കരാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
അതേസമയം കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനെതിരെ ബിജെപി ഇന്ന് ബാങ്കിന് മുന്നിൽ ഉപവാസം നടത്തും. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി ഉപവാസം ഉദ്‌ഘാടനം ചെയ്യും. കരുവന്നൂര്‍ തട്ടിപ്പ് പ്രശ്‌നം താല്‍ക്കാലികമായി ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കം നടത്തുകയാണ് സിപിഎം.
കേരളാ ബാങ്കിന്‍റെ റിസര്‍വ് ഫണ്ട് സംസ്ഥാന സർക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റി കരുവന്നൂർ നിക്ഷേപകർക്ക് നൽകാനാണ് ശ്രമം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിൽ കേരളാ ബാങ്ക് ജീവനക്കാരുടെ ഫ്രാക്ഷന്‍റെയും കേരളബാങ്കിലെ സിപിഎം ഡയറക്‌ടര്‍മാരുടെയും യോഗം നടന്നിരുന്നു. കരുവന്നൂർ പ്രശ്‌നത്തിന് പരിഹാരം കാണാൻ കേരള ബാങ്ക് 100 നൽകാമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.