തിരുവനന്തപുരം: കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135.65 കോടി രൂപ വകയിരുത്തി. ടൂറിസം കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോമിന് സമാനമായി നടപ്പിലാക്കുന്ന വര്‍ക്ക് ഫ്രം ഹോളി ഡേ ഹോം എന്ന പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി 50 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയെ ഏഴ് ശൃംഖലകളിലായി തിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ഹൈവേ ഇടനാഴി എന്നീ ശൃംഖലകളിലൂടെയാകും വികസന പ്രവര്‍ത്തനങ്ങള്‍. കൂടാതെ കുട്ടനാട്, കുമരകം, കോവളം, കൊല്ലം അഷ്‌ടമുടി, ആലപ്പുഴ, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളെ എക്‌സ്‌പീരിയന്‍ഷ്യല്‍ വിനോദസഞ്ചാരത്തിനായി മാറ്റാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ എയര്‍ സ്‌ട്രിപ്പുകളുടെ എണ്ണവും സംസ്ഥാന വ്യാപകമായി വര്‍ധിപ്പിക്കുന്നുണ്ട്. എയര്‍ സ്‌ട്രിപ്പുകളുടെ നിര്‍മാണത്തിനായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എകെജി മ്യൂസിയത്തിന് ആറ് കോടി, കാപ്പാട് മ്യൂസിയം 10 കോടി, കൊല്ലം തങ്കശേരി മ്യൂസിയത്തിന് 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.