തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനിടെ പിണറായി സർക്കാർ ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതായിരിക്കും മന്ത്രി തോമസ് ഐസക്കിന്‍റെ 12ആം ബജറ്റ്.
കൊവിഡ് പ്രതിരോധം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ മുൻതൂക്കമുണ്ടാകും. ഭൂമിയുടെ ന്യായവിലയും നികുതി വർധനയും ഇത്തവണ ഉണ്ടാകില്ല. കൊവിഡ് സാഹചര്യത്തിൽ വ്യാപാര മാന്ദ്യവും തൊഴിൽ നഷ്ടവുമുള്ളതിനാൽ ജനങ്ങളിൽനിന്ന് ഫീസും നികുതിയുമായി ഇനിയും അധികം തുക പിരിക്കാൻ ആവില്ല. മോട്ടോർ വാഹന നികുതി നിയമങ്ങളിൽ ഇളവും നൽകിയേക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ജനങ്ങളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കിഫ്ബിയിലൂടെ വമ്പൻ വികസന പദ്ധതികളും പ്രതീക്ഷിക്കുന്നു. ടൂറിസം, പരമ്പരാഗത വ്യവസായം എന്നിവയുടെ പുനരുജ്ജീവനത്തിനായി പാക്കേജുകളോ പദ്ധതികളോ പ്രഖ്യാപിച്ചേക്കും.
അതേസമയം, എൽഡിഎഫ് സർക്കാർ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ച 3.45 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം ഇത് 6.4 ആയിരുന്നു. ഭീമമായ കടബാധ്യത സംസ്ഥാനം നേരിടുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. അവസാന സമ്മേളനമായതിനാൽ ബജറ്റിന് പിന്നാലെ നാലുമാസത്തെ ധനവിനിയോഗത്തിനുള്ള വോട്ട് ഓൺ അക്കൗണ്ടും പാസാക്കിയാണ് സഭ പിരിയുക.