തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികളുടെ ആവശ്യകതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ ബജറ്റ് അവതരണത്തിലും കേരളം അത്തരം പദ്ധതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കും. നികുതി വർധന മാത്രമാണ് ധനമന്ത്രിമാർ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റില്‍, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമായി കൊണ്ടുവരുന്നത്.
ഈ പരിഹാര മാര്‍ഗത്തില്‍ തന്നെ കേരളത്തില്‍ ഇന്ധന വിലയില്‍ സെസ് ഉൾപ്പെടുത്തുക, മദ്യവില വർധിപ്പിക്കുക തുടങ്ങിയ പരമ്പരാഗത തന്ത്രങ്ങൾ എല്ലാത്തവണയും ഉപയോഗിച്ച് ജനത്തിന്‍റെ നട്ടെല്ല് ഒടിക്കാറാണ് പതിവ്. ഇത്തവണ കെഎൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ഇന്ധന വില, മദ്യ വില എന്നിവ വർധിപ്പിച്ചതിനൊപ്പം കെട്ടിട നികുതി, വാഹന നികുതി, ഭൂനികുതി, കോടതി വ്യവഹാരങ്ങളുടെ നികുതി എന്നിവ പരിഷ്‌കരിക്കുകയും വർധിപ്പിക്കുകയും ചെയ്‌തു.
വിഭവ സമാഹരണത്തിന്‍റെ നവ തന്ത്രം: കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുക എന്നതാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ നയം എന്ന് പ്രഖ്യാപിച്ച ധനമന്ത്രി പുതിയതും പഴയതുമായ വിജ്ഞാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളില്‍ ഉൾച്ചേർത്തുകൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാമെന്ന ആശയവും ബജറ്റില്‍ അവതരിപ്പിച്ചു. വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്ന യുവതയെ കേരളത്തില്‍ തൊഴില്‍ തേടാൻ സജ്ജമാക്കുക എന്ന രീതിയില്‍ തൊഴില്‍ രംഗം പരിഷ്‌കരിക്കാനുള്ള പദ്ധതികൾ കെഎൻ ബാലഗോപാല്‍ ബജറ്റ് നിർദേശങ്ങളില്‍ അവതരിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ വഴി വിജ്ഞാനത്തെ ഉത്‌പാദനവുമായി ബന്ധിപ്പിക്കുകയാണ് ബജറ്റ് നിർദേശങ്ങളില്‍ പ്രധാനമായും കെഎൻ ബാലഗോപാല്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രഫീനും സയൻസ് ഡിജിറ്റല്‍ പാർക്കുകളും: കഴിഞ്ഞ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഗ്രഫീൻ ഗവേഷണ പരീക്ഷണങ്ങൾക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കൊപ്പം വിദേശ സർവകലാശാലകളെയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാർക്കില്‍ ഡിജിറ്റല്‍ സയൻസ് പാർക്ക് നവീകരണം പൂർത്തിയായി. അതിനൊപ്പം അഗ്രിപാർക്കുകൾ, വർക്ക് നിയർ ഹോം പദ്ധതികൾ എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. കണ്ണൂരില്‍ പുതിയ ഐടി പാർക്ക്, ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്ത് മികവിന്‍റെ കേന്ദ്രം, മൈക്രോ ബയോം മികവിന്‍റെ കേന്ദ്രം എന്നിവയ്ക്ക് തുക അനുവദിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.
മേക്ക് ഇൻ കേരള: കേരളത്തില്‍ ആഭ്യന്തര ഉത്‌പാദനവും തൊഴില്‍, സംരഭക, നിക്ഷേപ അവസരങ്ങളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഈ രംഗത്ത് എല്‍ഡിഎഫ് സർക്കാരിന് വലിയ പ്രതീക്ഷയുള്ളതാണ്. വ്യവസായ വകുപ്പിന്‍റെ സംരഭംക വർഷം പദ്ധതിയില്‍ ലഭിച്ച വലിയ സ്വീകര്യതയും മേക്ക് ഇൻ കേരള എന്ന ആശയത്തിന് പിന്നിലുണ്ടെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുന്നത്.