തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവിലൂടെ വരുമാനം വർധിപ്പിക്കാൻ സർക്കാർ മുന്നോട്ടുവച്ചു നിർദേശങ്ങളെല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തിൽ. കെട്ടിട നികുതിയിലും, ഭൂമി രജിസ്ട്രേഷനിലും, സമഗ്രമായ നികുതി പരിഷ്‌കരണമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി പരിഷ്‌കരിക്കാൻ ബജറ്റിൽ നിർദേശമുണ്ട്. കെട്ടിട നികുതി അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാർഹിക കേന്ദ്ര കെട്ടിടങ്ങൾ നിർമ്മിക്കുന്നിനുള്ള പെർമിറ്റ് ഫീസ് എന്നിവയാണ് പരിഷ്‌കരിക്കുക.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ച് ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും പ്രത്യേക നികുതി ചുമത്തും. സമഗ്രമായ നികുതി പരിഷ്‌കരണം തദ്ദേശ വകുപ്പിൽ നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക തനത് ഫണ്ടായി 1000 കോടി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുതി തീരുവ കെഎസ്ഇബിയുടെ കൈവശം വയ്ക്കുന്ന രീതിയിൽ മാറ്റം വരുത്തും. 2021 ഒക്ടോബർ 31 നോടെ വൈദ്യുതി തീരുവ സർക്കാർ അടയ്ക്കുന്ന തരത്തിലേക്ക് പരിഷ്‌കരിക്കും. കൂടാതെ വൈദ്യുതി തീരുവ വർധിപ്പിക്കും. വാണിജ്യ വ്യവസായ യൂണിറ്റുകൾക്കുള്ള വൈദ്യുത തീരുവയാണ് വർധിപ്പിക്കുന്നത്. 5 ശതമാനം വർധനയാകും വരുത്തുക. ജുഡീഷ്യൽ കോടതി ഫീസുകളും വർധിപ്പിക്കും.
മാനനഷ്‌ടം, സിവിൽ നിയമ ലംഘനം എന്നീ കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തും. മറ്റ് കോടതി വ്യവഹാരങ്ങൾക്കും ഒരു ശതമാനം അധികമായി കോർട്ട് ഫീ ഈടാക്കും. ഓഫീസുകൾ സാധാരണക്കാരുടെ സൗകര്യാർഥം ഈ സ്റ്റാമ്പിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ഭൂമിയുടെ ന്യായ വിലയിലും വർധന വരുത്തിയിട്ടുണ്ട്. ന്യായവിലയിൽ 20% വർധനവാണ് വരുത്തുക. 2010 ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില അവസാനമായി വർധിപ്പിച്ചത്. ഇതുകൂടാതെ 2010 ൽ കെട്ടിട നമ്പർ ലഭിച്ച ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകൾ അപ്പാർട്ട്മെന്‍റുകൾ എന്നിവയ്ക്ക് മുദ്രവില അഞ്ചു ശതമാനമായി കുറച്ചത് ഒഴിവാക്കി.
അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായാണ് മുദ്രവില പുതുക്കി നിശ്ചയിച്ചത്. പട്ടയ ഭൂമിയിൽ വാർഷിക അടിസ്ഥാനത്തിൽ ഈടാക്കുന്ന ഭൂനികുതി വാണിജ്യ വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കും.