തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യപ്രശ്‌നങ്ങളുള്ള വയോജനങ്ങളെ സഹായിക്കുന്നതിനായി നിലവിലുള്ള വയോമിത്രം പദ്ധതിക്ക് പുറമേ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും. ഇതിനായി വയോമിത്രം പദ്ധതിക്ക് പുറമേ 10 കോടി രൂപ കൂടി അനുവദിക്കും. വയോമിത്രം പദ്ധതിക്കായി നടപ്പുവർഷം 27.50 കോടി രൂപ വകയിരുത്തി.
വയോജന പരിപാലനത്തിനുള്ള വിവിധ കോഴ്‌സുകളും പരിശീലന പരിപാടികളും ആരംഭിക്കും. വയോജന ക്ലിനിക്കുകൾ ആരംഭിക്കാൻ 50 ലക്ഷം രൂപ വകയിരുത്തി. കൂടാതെ സാന്ത്വന പരിചരണം പദ്ധതിക്ക് 5 കോടി, കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി എന്നിങ്ങനെ അനുവദിച്ചു.
ALSO READ:അങ്കണവാടിയില്‍ രണ്ട് ദിവസം മുട്ടയും പാലും: സ്ത്രീ സുരക്ഷയ്ക്ക് 9 കോടി, ട്രാൻസ്‌ജൻഡറിന് 5 കോടി
80 വയസ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് വീട്ടിലെത്തി ചെയ്യും. ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും. പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിങ് നടത്തുന്നത്. ഇതുവരെ പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകണമായിരുന്നു. ഇതാണ് വീട്ടുപടിക്കലില്‍ എത്തുന്നത്.