തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും മുന്നേറ്റവുമായി കേരള ബാങ്ക്. രൂപീകരണത്തിന് ശേഷം ആദ്യ നാല് മാസം കൊണ്ട് 374.75 കോടി രൂപയുടെ ലാഭമാണ് കേരള ബാങ്ക് നേടിയത്. ബാങ്കിന്‍റെ ആകെ നഷ്ടം 776 കോടി രൂപയായും കുറഞ്ഞു. നവംബറിൽ ലയനം നടക്കുമ്പോൾ 1150.75 കോടി രൂപയായിരുന്നു ആകെ നഷ്ടം. ഒരു വർഷത്തിനിടയിൽ ഇത് പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
നിക്ഷേപത്തിലും വായ്‌പയിലും വർധനവുണ്ടായി. നിക്ഷേപത്തിൽ മുൻ വർഷത്തേക്കാൾ 1525.8 കോടിയുടെയും വായ്‌പയിൽ 2026.40 കോടി രൂപയുടെയും വർധനവാണുണ്ടായത്. അതേസമയം കൊവിഡ് പ്രതിന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി വർധിപ്പിച്ചു. ഇത് മറികടക്കാൻ ഇതുവരെ 1524.54 കോടി രൂപ കരുതൽ വെച്ചിട്ടുണ്ട്. ഇത് ആകെ നഷ്ടത്തിന്‍റെ ഇരട്ടിയിലധികമാണെന്നും മന്ത്രി പറഞ്ഞു.