തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെഎം മാണിയെയല്ല യുഡിഎഫിന്‍റെ അഴിമതിയെയാണ് പരാമര്‍ശിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ വാദത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
2015 ല്‍ നിയമസഭയില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍ ഇടതുപക്ഷ എംഎല്‍എമാര്‍ അദ്ദേഹത്തെ മാത്രമാണ് തടഞ്ഞത്. മാണിയല്ല യുഡിഎഫുകാരാണ് അഴിമതിക്കാരെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവരെ തടഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
അഴിമതിക്കാരനായ മാണിയുടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്‌ണനടക്കമുള്ള നേതാക്കളാണ്. കെഎം മാണിയേയും കുടുംബത്തേയും കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ വിജയരാഘവന്‍ തയ്യാറാണോയെന്നും സതീശന്‍ ചോദിച്ചു.
Read More:പഴി മാധ്യമങ്ങള്‍ക്ക്, സുപ്രീംകോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവൻ
നിയമസഭ കയ്യാങ്കളിക്കേസിൽ സിപിഎം നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാന്‍ കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ കെഎം.മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പരാമര്‍ശിച്ചെന്ന് ആരോപിച്ചാണ് സിപിഎമ്മിനെയും ജോസ് കെ.മാണിയേയും വെട്ടിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
Read More: നിയമസഭ കയ്യാങ്കളിക്കേസ്: പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി
കെഎം മാണിയെ അവഹേളിച്ച എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ എന്ത് നിലപാടാണ് കേരള കോണ്‍ഗ്രസ് എം എടുക്കാന്‍ പോകുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മാണിയെ അപമാനിച്ചിട്ടും ഇടതുമുന്നണിയില്‍ തുടരുന്നതില്‍ അവര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ കയ്യാങ്കളി കേസിൽ നിയമവിരുദ്ധമായ ആവശ്യം സുപ്രീം കോടതി അനുവദിക്കുമെന്ന് തോന്നുന്നില്ല. നിയമസഭയ്ക്ക് അകത്ത് ക്രിമിനൽ കുറ്റം ചെയ്‌താൽ അതിന് പ്രിവിലേജ് ബാധകമല്ല.
നിയമസഭയിൽ ക്രിമിനൽ കുറ്റം ചെയ്‌ത എംഎൽഎമാരെയും മന്ത്രിമാരെയും സംരക്ഷിക്കാനുള്ള നീക്കം അവസാനിപ്പിച്ച് കേസ് പിൻവലിക്കാനുള്ള ഹർജിയില്‍ നിന്ന് സർക്കാർ പിന്‍തിരിയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.