തിരുവനന്തപുരം: കേരള നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഇ-നിയമസഭ പദ്ധതിക്ക് ബുധനാഴ്‌ച ചേരുന്ന ബജറ്റ് സമ്മേളനത്തോടെ തുടക്കമാകും. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ജൂലൈ മാസത്തിനുള്ളില്‍ പൂര്‍ണമായും സഭ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന് മുന്നോടിയായി എംഎൽഎമാർക്ക് വിദഗ്‌ധ പരിശീലനം നൽകും.
ഗവര്‍ണറുടെ നയപ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് അവതരണവും ഡിജിറ്റല്‍ രീതിയിലാകും നടക്കുക. ഗവർണർക്ക് വായിക്കാനുള്ള നയപ്രഖ്യാപന പ്രസംഗം അദ്ദേഹത്തിന് മുന്നിൽ സജ്ജമാക്കിയിട്ടുള്ള മോണിറ്ററിൽ ലഭ്യമാകും. ധനമന്ത്രിയുടെ ബജറ്റ് അവതരണവും ഇതേ രീതിയിലാണ് നടക്കുക. മന്ത്രിക്ക് നേരിട്ട് ഇ-നിയമസഭ ആപ്ലിക്കേഷനിലേക്ക് ബജറ്റ് അപ്ലോഡ് ചെയ്യാം. സഭക്കുള്ളിൽ ഓരോ എംഎൽഎക്കും മുന്നിലും ഒരു മോണിറ്റർ ഉണ്ടാകും. ഹാജർ, വോട്ടിങ് തുടങ്ങി സ്പീക്കറോട് സംസാരിക്കാനും ഇതുവഴി സാധിക്കും. സഭയിലെ നടപടിക്രമങ്ങള്‍ വിശദമായി മധ്യമങ്ങള്‍ക്കും ലഭ്യമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎല്‍ടിഎസാണ് ഇ-നിയമസഭ ആപ്ലിക്കേഷന്‍ തയാറാക്കുന്നത്.