തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഭരണ- പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുകയും പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് സ്പീക്കർ ഓഫീസിനു മുന്നിലൂടെ വലിച്ചിഴച്ചതായും പരാതിയുണ്ട്.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചതായി ആരോപണമുയർന്നു. വാച്ച് ആൻഡ് വാർഡിന്‍റെ മർദനമേറ്റതായി പരാതി ഉയർന്ന സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തില്‍ കെ.കെ രമ, ടിവി ഇബ്രാഹിം, എ.കെ.എം അഷറഫ്, എം.വിൻസെന്‍റ് എന്നിവർക്കും പരിക്കേറ്റതായി പരാതിയുണ്ട്. ഇന്ന് (15.03.23) രാവിലെ പത്തരയോടെയായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്‍റെ ഓഫീസിനു മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തുടർച്ചയായി രണ്ടാം ദിവസവും തങ്ങളുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഈ സമയം പ്രതിപക്ഷാംഗങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെ വാച്ച് ആൻഡ് വാർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പാഞ്ഞടുത്തു. തന്നെ ഈ ഉദ്യോഗസ്ഥൻ മർദിച്ചെന്ന് തിരുവഞ്ചൂർ ആരോപിച്ചതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ വാച്ച് വാൻഡ് വാർഡിനു നേരെ പാഞ്ഞടുത്തു.
പിന്നെ മിനിട്ടുകളോളം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ഏറ്റുമുട്ടി. ഇതിനിടെ മറുഭാഗത്ത് സഭ നടപടികൾ വേഗത്തിലാക്കി ചേമ്പറിൽ നിന്ന് ഓഫീസിലേക്കു വന്ന സ്പീക്കർക്ക് ഭരണപക്ഷം സംരക്ഷണമൊരുക്കിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടി. സച്ചിൻ ദേവും എച്ച് സലാമും പ്രതിപക്ഷ എം.എൽ.എ മാർക്കു നേരെ പാഞ്ഞടുത്തു. ഇതിനിടെ എം.വിൻസെന്‍റ്, സിആർ മഹേഷ്, സനീഷ് കുമാർ ജോസഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ച് ഓഫീസിനു മുന്നിൽ നിന്ന് മാറ്റി.
പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തിയതോടെ വാച്ച് ആൻഡ് വാർഡ് പിൻവാങ്ങി. പരിക്കേറ്റ എംഎല്‍എമാർ ആശുപത്രിയിൽ ചികിത്സ തേടി.