തിരുവനന്തപുരം : ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഏകകണ്‌ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയുമായി കേരളത്തിന്‍റേത്. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്‌ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവയ്ക്കുന്നുവെന്ന് പ്രമേയം സൂചിപ്പിക്കുന്നു.
ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്‍റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും പ്രമേയം അടിവരയിട്ട് പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.
'കേരളം ജാഗ്രതപുലര്‍ത്തുന്നു എന്നതിന്‍റെ തെളിവ്' : നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതനിരപേക്ഷത ഇന്ത്യ ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഒരുമയെ ശിഥിലമാക്കാനുള്ള വര്‍ഗീയ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
ഇത് എന്നും, രാഷ്ട്രത്തിന്‍റെ ഐക്യത്തിന് ഹാനികരമാണ്. കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിന്‍റെ അജണ്ട മനുസ്‌മൃതി മാതൃകയിൽ ഭരണഘടന രൂപപ്പെടുത്തുക എന്നതാണ്. അതിനായി ഭരണഘടനയെ അക്ഷരത്തിലും തള്ളി പറയുകയാണ് സംഘപരിവാർ.
മനുസ്‌മൃതി വ്യവസ്ഥകൾ പ്രകാരം ഇന്ത്യയിലെ സാമൂഹിക ഘടനയെ പുനസ്ഥാപിക്കാനാണ് ശ്രമം. ഇത് ഭരണഘടനാ വിരുദ്ധമാണ്. സംഘപരിവാറിന്‍റെ ഭരണഘടനാ വിരുദ്ധമായ നടപടികളിലെ പട്ടികയിൽ ഒന്നുമാത്രമാണ് ഏക സിവിൽ കോഡ്.
ഇതും ഇതര മതക്കാരെ ഞെരിച്ചമർത്തുക എന്നതാണ് സംഘപരിവാർ ലക്ഷ്യം. ആർഎസ്എസ് ശതാബ്‌ദി ആഘോഷിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നേരത്തേ തന്നെ അവർ നിശ്ചയിച്ചിട്ടുണ്ട്. ഒന്നാമത്തേത് മതനിരപേക്ഷ പ്രതീകങ്ങള്‍ തകർക്കുക എന്നതാണ്. ബാബറി മസ്‌ജിദ് തകർത്തതോടെ അത് നേടാനായി.
കശ്‌മീരിന്‍റെ പ്രത്യേക പദവി മാറ്റുകയായിരുന്നു രണ്ടാമത്തേത്, അതും നടപ്പിലാക്കി. ഈ പട്ടികയിൽ അവസാനത്തേതാണ് ഭരണഘടനയിൽ മനുസ്‌മൃതി പകരം വയ്ക്കുക എന്നത്.
ഇത് കടന്നാക്രമണമാണ്. ഹിന്ദു രാഷ്ട്രം എന്ന ചിരകാല സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള വ്യഗ്രതയിൽ നടത്തുന്ന നടപടികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംവരണവുമായി ബന്ധപ്പെട്ട ശുപാർശകള്‍ ഇതുവരെ നടപ്പായിട്ടില്ല.
അവ നടപ്പായാൽ തുല്യത ഉറപ്പുവരുത്താൻ കഴിയും. അതിലേക്ക് ഒന്നും കടക്കാതെയാണ് ഏകീകരണം എന്ന മുദ്രാവാക്യവുമായി സംഘപരിവാർ വരുന്നത്. ഏകീകരണത്തെക്കുറിച്ച് പറയുന്നവരാണ് മുസ്ലിം സമുദായത്തിലെ വിവാഹമോചനം കുറ്റകരമാക്കി മാറ്റിയത്. എല്ലാവർക്കും ഒരേ പോലെ പൗരത്വം കൊടുക്കാൻ കഴിയില്ല എന്ന് പറയുന്നതും ഇവരാണ്.
ബി ജെ പി ദാരിദ്ര്യ നിർമ്മാർജ്ജനത്തെ കുറിച്ചോ ദളിത് വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചോ പറയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം ജാഗ്രത പുലർത്തുന്നതിന്‍റെ തെളിവാണ് ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷം നിയമസഭയിൽ സ്വീകരിച്ചത്.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും നിയമസഭ പ്രമേയം പാസാക്കിയിരുന്നു.