തിരുവനന്തപുരം: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ. ചോദ്യോത്തരവേള അവസാനിപ്പിച്ച ശേഷമാണ് നിയമസഭ ആദരാഞ്ജലികൾ അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭ നേതാവെന്ന നിലയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചത്.
ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന ഇത്തരം ദുരന്തങ്ങള്‍ നമ്മെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നു. എന്നാല്‍ ഇത്തരം അവസരത്തില്‍ സ്‌തബ്‌ധരായി ഇരിക്കാതെ നമ്മളാല്‍ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് പ്രകൃതിദുരന്തത്തില്‍ മൃതിയടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു നിമിഷം അംഗങ്ങൾ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.
തിങ്കളാഴ്‌ചയാണ് സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പമുണ്ടായത്. തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 8764 പേരാണ് മരിച്ചത്. തുര്‍ക്കിയില്‍ മാത്രം 6234 പേരും സിറിയയിൽ 2530 പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 34,810 പേര്‍ക്കും സിറിയയില്‍ 4654 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.