തിരുവനന്തപുരം: സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നിയമസഭ സെക്രട്ടേറിയറ്റ് വിശദീകരണ നോട്ടിസ് നല്‍കി. കയ്യാങ്കളി സംബന്ധിച്ച വിവാദം അനുദിനം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് നോട്ടിസ്.
ALSO READ| സ്പീക്കറുടെ മുറിക്ക് മുൻപിലെ സംഘര്‍ഷം; അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്
എംകെ മുനീര്‍, എം വിന്‍സെന്‍റ്, ടി സിദ്ദിഖ്, കെകെ രമ, എപി അനില്‍കുമാര്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പിഎമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഫോട്ടോഗ്രാഫി നിരോധിത മേഖലയില്‍ നിന്ന് സംഘര്‍ഷത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ നിയമസഭ സെക്രട്ടറിക്ക് വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വിശദീകരണം നല്‍കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്ന കാരണത്താല്‍ എംഎല്‍എമാര്‍ക്കെതിരെ ചട്ടം അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധം, അടിയന്തര നോട്ടിസ് നിരാകരിച്ചതില്‍: ഏഴ് എംഎല്‍എമാരുടെ പിഎമാര്‍ക്കും വെവ്വേറെയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. അതേസമയം, സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മന്ത്രിമാരുടേയോ ഭരണകക്ഷി എംഎല്‍എമാരുടേയോ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നോട്ടിസ് നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷത്തിന്‍റെ അടിയന്തര നോട്ടിസ് സ്‌പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ, നിയമസഭയിലെ ഓഫിസിന് മുന്‍പില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്.
ALSO READ| പ്രസ്‌താവന പിന്‍വലിക്കണം ; എംവി ഗോവിന്ദന് കെകെ രമയുടെ വക്കീല്‍ നോട്ടിസ്
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ എത്തിയ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, കെകെ രമയുടെ കൈയ്‌ക്ക് പൊട്ടലേറ്റെന്നത് കളവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം എംഎല്‍എ സച്ചിന്‍ദേവും ആരോപിച്ചിരുന്നു. ഈ പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി രമ, വക്കീല്‍ നോട്ടിസ് അയച്ചു.
'നിരോധിത മേഖലയിലെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു': എംവി ഗോവിന്ദന്‍, സച്ചിന്‍ദേവ്, ദേശാഭിമാനി പത്രം എന്നിവര്‍ക്കെതിരെ കെകെ രമ വക്കീല്‍ നോട്ടിസ് അയച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ്, രമ ഉള്‍പ്പെടെയുള്ള ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കെതിരായ നീക്കം. നിരോധിത മേഖലയില്‍ നിന്ന് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു എന്ന ആരോപണവുമായി നിയമസഭ സെക്രട്ടേറിയറ്റ് തന്നെ രംഗത്തെത്തി എന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നു.
ALSO READ | നിയമസഭ കൈയാങ്കളി: കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള ആക്ഷേപങ്ങൾ മറക്കാൻ - എം വി ഗോവിന്ദൻ
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിനുശേഷം, ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളും പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകളും പൊലീസ് ചുമത്തിയതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.