തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് 1731.78 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയിൽ. 2020 മാർച്ച് മുതൽ ഇതുവരെയുള്ള കണക്കാണിത്.
Also Read: ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം
ലോക്ക് ഡൗൺ മൂലം രണ്ടാം വിള നെൽകൃഷിയിൽ കൊയ്ത്തിൽ വന്ന താമസവും ഗതാഗത സൗകര്യങ്ങളുടെ കുറവും മൂലം ഏകദേശം 15 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പച്ചക്കറി മേഖലയിൽ 221.93 കോടി രൂപയുടെയും വാഴക്കൃഷിയിൽ 269 കോടിരൂപയും കൈതച്ചക്ക കൃഷിയിൽ 50 കോടി രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ടെവന്നും ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കൃഷി മന്ത്രി അറിയിച്ചു.
ഹോർട്ടിക്കോർപ്പ് വഴി സംഭരിച്ച കാർഷിക ഉത്പന്നങ്ങളുടെ പൈസ കൊടുത്ത് തീർത്തിട്ടില്ല എന്ന ആരോപണം ശരിയല്ല. ഏതാനും ചില ഇടങ്ങളിൽ മാത്രമാണ് പണം നൽകാനുള്ളത്. പ്രശ്‌ന പരിഹാരത്തിനായി അടിയന്തര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശീതീകരിച്ച സംഭരണ കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കും. 150 ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്‌സ് ഓർഗനൈസേഷൻ കൂടി വരുമ്പോൾ സംഭരിക്കുന്നവ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റാനുള്ള നടപടി ഉണ്ടാകും.
കേരളത്തെ മൊത്തിൽ അഞ്ച് അഗ്രോ എക്കണോമിക്കൽ സോണുകളായി തിരിക്കും. അതിനെ ഇരുപത്തിമൂന്ന് അഗ്രോ എക്കണോമിക്ക് യൂണിറ്റുകളായി മാറ്റി ഓരോ ഇടങ്ങളിലെയും കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ കൃഷി നടപ്പിലാക്കും. കൃഷിയുടെയും സംഭരണത്തിന്‍റെയും കാര്യത്തിൽ ശാസ്ത്രീയമായ രീതി അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.