തിരുവനന്തപുരം: ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളുടെയും അവഗണനകളുടെയും നേർക്കാഴ്ചയായി കെഞ്ചിര. പണിയ വിഭാഗത്തിലെ കെഞ്ചിര എന്ന പതിമൂന്ന് വയസ്സുകാരിയുടെയും അവൾക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൻ്റെയും ദൃശ്യാവിഷ്ക്കാരമാണ് സിനിമ. രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മനോജ് കാന സംവിധാനം ചെയ്ത ചിത്രത്തിൽ വയനാട്ടിലെ ഗോത്ര സമൂഹമായ പണിയ വിഭാഗത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗം അഭിനേതാക്കളും. അതുകൊണ്ട് തന്നെ സിനിമയിലെ കഥാപത്രങ്ങൾ സംസാരിക്കുന്നത് പണിയ ഭാഷയിലാണ്.
കെഞ്ചിര എന്ന പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും പ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പണിയ വിഭാഗത്തിൽ നിന്നുള്ള വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടിരിക്കുന്നത്. രാവിലെ കൈരളി തിയേറ്ററിലായിരുന്നു ചിത്രത്തിൻ്റെ പ്രദർശനം. ചിത്രത്തിലെ അഭിനേതാക്കൾക്കൊപ്പം മന്ത്രി എ.കെ ബാലനും സിനിമ കാണാൻ എത്തിച്ചേർന്നിരുന്നു. മികച്ച സിനിമയെന്ന് സിനിമ കണ്ടതിന് ശേഷം മന്ത്രി പ്രതികരിച്ചു. ഗോത്രകലകളോടൊപ്പം കൊട്ടും പാട്ടുമായി ആഘോഷത്തോടെയായിരുന്നു പ്രദർശനം നടന്നത്.