തിരുവനന്തപുരം: ഒരു കാലത്ത് പ്രതാപത്തിലായിരുന്ന കെല്‍ട്രോണ്‍ ഇപ്പോള്‍ കമ്മിഷന്‍ ഏജന്‍സിയായി അധഃപതിച്ചുവെന്ന വിർമശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദിശബോധമില്ലാത്ത പ്രവര്‍ത്തനത്തിലൂടെയാണ് കെല്‍ട്രോണ്‍ അധഃപതിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെല്‍ട്രോണിന്‍റെ 50ാം വാര്‍ഷികാഘോഷത്തിന്‍റെ ഉദ്‌ഘാടനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
ദിശാബോധമില്ലാതെയാണ് കെല്‍ട്രോണിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. കെല്‍ട്രോണ്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ അത് പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. അതിനു പകരം ദൈനംദിന കാര്യങ്ങള്‍ നടന്നു പോകണം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇതിന്‍റെ ഫലമാണ് ഇപ്പോള്‍ കെല്‍ട്രോണില്‍ നടക്കുന്നത്. ഒരു സ്ഥാപനത്തില്‍ നല്ല നിലയും വിഷമമായ നിലയും ഉണ്ടാകും. അത് മറികടക്കാനാണ് ശ്രമം വേണ്ടത്. എന്നാല്‍ കെല്‍ട്രോണില്‍ അതുണ്ടായില്ല. മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ സ്ഥാപനം പ്രതിസന്ധി മറികടക്കാന്‍ ശ്രദ്ധവച്ചില്ല.
സ്വന്തമായി പ്രവര്‍ത്തിക്കേണ്ടെന്ന തോന്നല്‍ വന്നു. പേര് ഉപയോഗിച്ച് സ്ഥാപനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‌ത് ലാഭമുണ്ടാക്കുന്ന സ്ഥാപനമായി അധഃപതിച്ചു. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമം ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല നിലയില്‍ കെല്‍ട്രോണ്‍ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുമുണ്ട്. അത് സാധ്യമായത് കുറച്ച് നാളത്തെ ആസൂത്രണം കൊണ്ടാണ്. മുന്‍പ് അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുകയും അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്‌ത പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണ്‍ എന്നത് മറക്കരുത്.
ശ്രവണസഹായി അടക്കമുള്ള പുതിയ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാനായത് നല്ല കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ പുതിയ മേഖലകളിലേക്ക് കെല്‍ട്രോണ്‍ കടക്കണമെന്നും ആവശ്യപ്പെട്ടു. 2024 ല്‍ കെല്‍ട്രോണ്‍ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് പരിപാടിയില്‍ സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.