തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ്, മെഡിക്കൽ-ഫാർമസി, ആർക്കിടെക്‌ചർ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള കേരള എഞ്ചിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ (കീം) വിവിധ കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. കേരളത്തിനകത്തും പുറത്തുമായി 339 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
1,23,624 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുക. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് (15706), ഏറ്റവും കുറവ് വയനാട് ജില്ലയിലും (2101) ആണ്. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ സെന്‍ററുകൾ ഉണ്ട്. ഡൽഹി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളിലും കേരളത്തിന് പുറമേ സെന്‍ററുകൾ അനുവദിച്ചിട്ടുണ്ട്.
രാവിലെ 10 മണി മുതൽ വെകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ. ആദ്യ പേപ്പർ ആയ ഫിസിക്‌സ്, കെമിസ്ട്രി എന്നിവ രാവിലെയും രണ്ടാം പേപ്പർ ആയ കണക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ഉണ്ടാവുക. ഫാർമസി കോഴ്‌സിലേക്ക് മാത്രം അപേക്ഷിച്ചവർക്ക് രാവിലത്തെ പരീക്ഷ മാത്രം എഴുതിയാൽ മതി.
വിദ്യാർഥികൾക്ക് പ്രത്യേക ഡ്രസ് കോഡ് നിർദേശിച്ചിട്ടില്ല. രാവിലെ 9:30 മുതൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രവേശിച്ചു തുടങ്ങാം. പരീക്ഷ തുടങ്ങി അരമണിക്കൂർ വരെയും പ്രവേശനം അനുവദിക്കും.
വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച അഡ്‌മിറ്റ് കാർഡിന് പുറമെ തിരിച്ചറിയൽ രേഖയും കരുതണം. ഇത് ഇല്ലാത്തവര്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കരുതണം. ഓരോ പേപ്പറിനും 150 മിനിറ്റ് വീതമാണ് നൽകിയിരിക്കുന്നത്. 120 ചോദ്യങ്ങളാണ് ഒരു പേപ്പറിൽ ഉണ്ടായിരിക്കുക.
ഒഎംആർ രീതിയിലുള്ള പരീക്ഷയിൽ ഓരോ പേപ്പറിനും 480 മാർക്ക് വീതമാണ് ഉണ്ടാവുക. എഞ്ചിനിയറിങ്ങിനും ഫാർമസിക്കും വേറെ സ്കോർ പ്രസിദ്ധീകരിച്ചായിരിക്കും റിസൾട്ട് വരിക. ശേഷം അലോട്ട്മെന്‍റ് അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും എസ് സി, എസ് ടി വിദ്യാർഥികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്.