തിരുവനന്തപുരം : ബിജെപി നേതാക്കൾ ക്രൈസ്‌തവരുടെ വീടുകൾ സന്ദർശിച്ച വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്കാർ വീട്ടിൽ വരുമ്പോൾ കേരളത്തിലെ ജനങ്ങൾ വിവേകപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുമെന്നും തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആടിനെ പട്ടിയാക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബിഷപ്പുമാരെ തെറിവിളിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും മതനേതാക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
തൊഴിലില്ലായ്‌മ പറഞ്ഞ് അധികാരത്തിൽ വന്ന പാർട്ടിയായിരുന്നു ബിജെപിയെന്നും തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള കാപട്യം ആണ് ബിജെപിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു. ദില്ലിയിലും മറ്റും ബിജെപിക്കാർ തകർത്ത പള്ളികളുടെ മേൽ ആദ്യം മാപ്പ് പറയട്ടെ എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സത്പാൽ മാലിക്കിന്‍റെ വെളിപ്പെടുത്തൽ ഗൗരവമാണന്നും പുൽവാമയിൽ പ്രധാനമന്ത്രി ആരോപണ നിഴലിലാണന്നും ജമ്മു ഗവർണർ വിസ്ഫോടാത്മകമായ ഒരു കാര്യം പറഞ്ഞാൽ അത് ചർച്ച ആകാത്തത് എന്തുകൊണ്ടാണന്നും കെ സി വേണുഗോപാൽ ചോദിച്ചു.
സന്ദർശനത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമില്ലെന്ന് പ്രകാശ് ജാവദേക്കർ : റംസാന് മുസ്ലിങ്ങളുടെ വീടുകൾ സന്ദർശിക്കുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. വിഷു ദിനമായ ഇന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷിന്‍റെ വഞ്ചിയൂരിലെ വീട്ടിൽ പ്രകാശ് ജാവദേക്കറും ക്രൈസ്‌തവ പുരോഹിതരും വിഷു ആഘോഷങ്ങളുടെ ഭാഗമായി പ്രഭാത ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. തുടർന്ന്, ബിജെപിയിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ടെന്നും സന്ദർശനം സൗഹൃദത്തിന്‍റെ പേരിലാണെന്നും പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ക്രൈസ്‌തവ ദേവാലയങ്ങളിലും ബിഷപ്പുമാരുടെയും വസതികളിൽ സന്ദർശനം നടത്തി. പ്രധാന മന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു. ഡൽഹിയിലെ പള്ളിയിലെത്തിയ മോദി പ്രാർഥനയിൽ പങ്കെടുക്കുകയും പുരോഹിതന്മാരുമായും വിശ്വാസികളുമായും സംവദിച്ചു.
എന്നാൽ, ബിജെപിയുടെ ഈ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് എൽഡിഎഫും യുഡിഎഫും ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളാണിതെന്നും ഇത് അങ്ങേയറ്റം പരിഹാസ്യമാണെന്നും സിപിഎം കുറ്റപ്പെടുത്തി. ശക്തമായ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു.
ബിജെപിയുടെ ഈ നടപടി ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്നാണ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശൻ പറഞ്ഞത്. ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി മന്ത്രി മുനരത്ന ജനങ്ങളോട് പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
Also read : 'റംസാന് മുസ്ലിങ്ങളുടെ വീടുകൾ സന്ദർശിക്കും' ; വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്ന് പ്രകാശ് ജാവദേക്കർ