തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണത്തിനിടയിൽ വീണ്ടും പൈപ്പ് ലൈന്‍ പൊട്ടി. ഇത് രണ്ടാം തവണയാണ് പള്ളിപ്പുറം സിആർപിഎഫിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടുന്നത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി പൊട്ടിയ പൈപ്പിന്‍റെ അറ്റകുറ്റ പണി തിങ്കളാഴ്‌ചയാണ് പൂർത്തിയാക്കിയത്. പൈപ്പ് ലൈനിന്‍റെ അലൈൻമെന്‍റ് നൽകാൻ നിർമാണ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും വാട്ടർ അതോറിറ്റി നൽകിയില്ല.
വീണ്ടും പൈലിങ് ആരംഭിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ പൈപ്പ് പൊട്ടുകയായിരുന്നു. കാര്യവട്ടം കാമ്പസിലെ വാൽവടച്ചാണ് പൈപ്പിലെ ജലപ്രവാഹം നിയന്ത്രിച്ചത്. അതിനാൽ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ ജലവിതരണം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. പൗഡികോണം പുതുകുന്ന് വാട്ടർ ടാങ്കിൽ നിന്ന് പള്ളിപ്പുറം സിആർപിഎഫിലേക്ക് ദേശീയപാതയിൽ കൂടിയാണ് 250 എംഎം കാസ്റ്റ് അയൺ പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഏകദേശം നാൽപ്പത് വർഷം മുമ്പ് സ്ഥാപിച്ചതാണിത്. പൈപ്പിന്‍റെ സ്ഥാനം കണ്ടുപിടിച്ച് പില്ലറുകളുടെ സ്ഥാനവുമായി ഒത്തുനോക്കിയാൽ മാത്രമേ ഇനിയുള്ള പൈലിങ് നടത്താൻ കഴിയൂ. അത് ഉടൻ തന്നെ മാർക്ക് ചെയ്‌ത് നൽകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മേൽപ്പാല നിർമാണത്തിന്‍റെ രണ്ടാം ഘട്ടം ദേശീയപാതയുടെ മധ്യഭാഗത്തുകൂടിയായതിനാൽ പൈലിങ്ങിനെ ബാധിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.