തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ അഞ്ചാം ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ശനിയാഴ്‌ച രാത്രി ജവഹർ നഗറിന് സമീപമാണ് സിവിൽ സർവീസ് വിദ്യാർഥികളായ പെൺകുട്ടികൾക്ക് നേരെ ആക്രമണമുണ്ടായത്. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാർഥികളെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. അക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല.
വണ്ടിയുടെ പിൻഭാഗത്തുള്ള ലൈറ്റ് പൊട്ടിയിരുന്നുവെന്നാണ് വിദ്യാർഥിനികൾ പൊലീസിന് നൽകിയ മൊഴി. നഗര മധ്യത്തിൽ മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഏറെ ചർച്ചയായിരുന്നു. തുടർന്ന് പേരൂർക്കടയിലും നന്ദൻകോടിലും പാപ്പനംകോടും വഞ്ചിയൂരും സ്ത്രീകൾക്ക് നേരെ സമാന ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കവടിയാറും പെൺകുട്ടികൾക്ക് നേരെ അക്രമണമുണ്ടാകുന്നത്.