തിരുവനന്തപുരം: 'ഓടുന്ന വെള്ളത്തെ നിര്‍ത്തുക, നില്‍ക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ കിടത്തുക'.. ഇതൊരു മുദ്രാവാക്യമാണ്. ലോകത്തിന് കേരളത്തിലെ ഒരു ചെറിയ ഗ്രാമം സമ്മാനിച്ച മികച്ച മാതൃക. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കാട്ടാക്കട മഴക്കാലത്ത് ജല സമ്പുഷ്‌ടമാണ്. എന്നാല്‍ വേനലില്‍ കടുത്ത ജലക്ഷാമമാണ് ഈ പ്രദേശം അനുഭവിച്ചിരുന്നത്.
എംഎല്‍എയുടെ ആശയം
ജല സംരക്ഷണം എന്നത് പുതിയ ആശയമായിരുന്നില്ല. പക്ഷേ കാട്ടാക്കട എംഎല്‍എയായ ഐബി സതീഷ് അതിനായി നവീന രീതികൾക്ക് തുടക്കമിട്ടു. 2018ല്‍ ഭൂ വിനിയോഗ വകുപ്പ് ഒരു ജല സര്‍വേ തയ്യാറാക്കി. അതില്‍ പുനരുജ്ജീവിപ്പിക്കേണ്ട തോടുകളുടെയും കുളങ്ങളുടെയും സ്വാഭാവിക ജലാശയങ്ങളുടെയും പട്ടിക തയ്യാറാക്കി.
റിപ്പോര്‍ട്ടുകള്‍ മാത്രം നല്‍കുക എന്ന പരമ്പരാഗത രീതിയില്‍ നിന്ന് നടപ്പിലാക്കല്‍ എന്ന ഘട്ടത്തിലേക്ക് ഇതാദ്യമായി ഭൂവിനിയോഗ വകുപ്പ് രംഗത്തു വന്നു. നിയോജക മണ്ഡലത്തില്‍ ജല പാര്‍ലമെന്‍റുകള്‍ സംഘടിപ്പിച്ച് ജനകീയ കൂട്ടായ്‌മ വഴി ജനപങ്കാളിത്തം ഉറപ്പാക്കി. കക്ഷി രാഷ്‌ട്രീയം മറന്ന് ജനങ്ങള്‍ രംഗത്തു വന്നു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും ജല സംരക്ഷണ പ്രവര്‍ത്തനം ആരംഭിച്ചതോടെ തോടുകളില്‍ തടയണകളായി. ഉപയോഗ ശൂന്യമായ കുളങ്ങള്‍ വൃത്തിയാക്കി, പുതുതായി 300 ലധികം കുളങ്ങള്‍ നിർമിച്ചു.
READ ALSO: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
വിദ്യാലയങ്ങളിലെ കിണര്‍ റീച്ചാർജിങ്
നിയോജകമണ്ഡലത്തിലെ 25ലധികം വിദ്യാലയങ്ങളില്‍ മഴവെള്ളം ശേഖരിച്ച് കിണര്‍ റീച്ചാർജിങ് സമ്പ്രദായം ആരംഭിച്ചു. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന വിദ്യാലയങ്ങളിലെ കിണറുകള്‍ ഇതോടെ വര്‍ഷത്തില്‍ 12 മാസവും വേണ്ടുവോളം വെള്ളം ലഭിക്കുന്ന കുടിനീരിടങ്ങളായി മാറി.
പേയാട് പള്ളിമുക്കിലെ സെന്‍റ് സേവ്യേഴ്‌സ് എച്ച്.എസ്.എസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി മൂന്നാം വര്‍ഷത്തിലും വിജയമാണ്. ഇപ്പോൾ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും ഭൂഗര്‍ഭ ജല നിരപ്പില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്ന് ഭൂഗര്‍ഭ ജലവകുപ്പിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കാട്ടാക്കട ലോക ശ്രദ്ധയിലേക്ക്
2019 മെയ് 14ന് ജനീവയില്‍ നടന്ന ലോക പുനര്‍നിർമാണ കോണ്‍ഫറന്‍സില്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ജലസംരക്ഷണ മാതൃകയായി അംഗീകരിക്കപ്പെട്ടത് കാട്ടാക്കട മാതൃകയാണ്. ഡച്ച് ദുരന്ത നിവാരണ വിദഗ്‌ധൻ പോള്‍ വാന്‍ മീല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ കാട്ടാക്കട ജലസംരക്ഷണ മാതൃകയെ സംയോജിത നീര്‍ത്തട പരിപാലനത്തിന്‍റെ ഉത്തമ മാതൃകയായാണ് വിശേഷിപ്പിച്ചത്.
ജനങ്ങളും ജനപ്രതിനിധികളും ചേരുമ്പോൾ സംഭവിക്കുന്ന സർഗാത്മക മാറ്റം കാട്ടാക്കടയെ ലോക ശ്രദ്ധയിലെത്തിച്ചു. ജലക്ഷാമത്തിന് പരിഹാരമായി കേരളത്തിന് മാത്രമല്ല, ലോകത്തിന് മുഴുവൻ മാതൃകയാണ് കാട്ടാക്കട.
READ ALSO: KERALA COVID CASES: സംസ്ഥാനത്ത് 13,563 പേർക്ക് കൂടി കൊവിഡ്, 130 മരണം