തിരുവനന്തപുരം: നമ്മുടെ പൂക്കൾ, നമ്മുടെ ഓണം. ഐബി സതീഷ് എംഎല്‍എ ഒരു ആശയം പറഞ്ഞപ്പോൾ കാട്ടാക്കട അത് ഏറ്റെടുത്തു. ഇപ്പോഴത് വിജയമായി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പൂക്കള്‍ കൊണ്ട് അത്തപൂക്കളം തീര്‍ക്കുന്ന മലയാളികളുടെ പതിവ് രീതി അങ്ങനെ മാറുകയാണ്. പൂ കൃഷിയിൽ സ്വയം പര്യാപ്‌തത നേടുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി പത്തര ഹെക്‌ടറിലാണ് പൂ കൃഷി തുടങ്ങിയത്.
കൃഷി ഓഫിസർമാരുടെ നിർദേശം അനുസരിച്ച് കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പൂ കൃഷിയുടെ ഭാഗമായി. ആദ്യഘട്ടമെന്ന നിലയിൽ രണ്ട് തരം ജമന്തിയാണ് കൃഷി ചെയ്‌തത്. ഇത് വിളവെടുപ്പിന് തയാറായി കഴിഞ്ഞു. ബംഗളൂരുവിൽ നിന്നടക്കം എത്തിച്ച വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്.
തരിശു ഭൂമിയില്‍ കൃഷി: ആറ് ഏക്കറിൽ വരെ പൂ കൃഷി ചെയ്യുന്ന പഞ്ചായത്തുകളുണ്ട്. ഓണ വിപണി മാത്രമല്ല മറ്റ് ഉത്സവ സീസണുകൾ കൂടി പരിഗണിച്ച് കൃഷി തുടരാനാണ് ഇവരുടെ തീരുമാനം. വീടുകൾ കേന്ദ്രീകരിച്ചും പൂ കൃഷിക്കായി വിത്തുകൾ വിതരണം ചെയ്‌തിട്ടുണ്ട്. വീട്ട് മുറ്റത്തെ പൂക്കളത്തിനുള്ള പൂക്കൾ സ്വയം കൃഷി ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ വഴിയും, പ്രദേശിക വില്‍പന മേളകൾ വഴിയും പൂക്കൾക്ക് വിപണി കണ്ടെത്താനാണ് ശ്രമം. 'കാർബൺ ന്യൂട്രൽ കാട്ടാക്കട'യുടെ ഭാഗമായാണ് മണ്ഡലത്തില്‍ പൂ കൃഷിയും ആരംഭിച്ചത്.