തിരുവനന്തപുരം: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ നെടുമങ്ങാട് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ. റോഡിന്‍റെ ഇരുവശവും മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞിയുന്നതിനാല്‍ ഈ പ്രദേശം തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായി മാറി കഴിഞ്ഞു. പൊതുവിതരണ കേന്ദ്രം, ആരാധനാലയം, വിവിധ സർക്കാർ ഓഫീസുകൾ തുടങ്ങിയവ ഈ റോഡിന്‍റെ സമീപത്തായുണ്ട്. എന്നാൽ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ അഭാവമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തിരക്കേറിയ ഈ റോഡുവക്കിലെ മാലിന്യം നിർമാർജ്ജനം ചെയ്യാൻ ചില സാമൂഹ്യ സംഘടനകൾ മുൻപ് രംഗത്തുവന്നിരുന്നെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം ഇവിടെ നിക്ഷേപിച്ച് കടന്നു കളയുന്നതിനാൽ അധികൃതർ ഇടപെട്ട് സിസിടിവി സ്ഥാപിച്ച് പ്രദേശത്തെ മാലിന്യ മുക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.