തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷ റാങ്ക് തിളക്കത്തിന്‍റെ സന്തോഷം മാറും മുന്‍പാണ് കെ.എ.എസ് പരീക്ഷയുടെ പൊതു വിഭാഗത്തിലെ ഒന്നാം റാങ്ക് മാവേലിക്കര സ്വദേശിയായ മാലിനിയെ തേടിയെത്തുന്നത്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന യു.പി.എസ്.സിയുടെ സിവില്‍ സര്‍വ്വീസ് പരീക്ഷ റാങ്ക് പട്ടികയില്‍ മാലിനി 135-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
ആഗ്രഹം വിദേശ കാര്യ സർവീസ്
അതിനാല്‍ കെ.എ.എസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാലിനി പറഞ്ഞു. സിവില്‍ സര്‍വ്വീസില്‍ ഇന്ത്യന്‍ വിദേശ കാര്യ സര്‍വ്വീസില്‍ പ്രവേശിക്കണമെന്നാണ് മാലിനിയുടെ ആഗ്രഹം. ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും അവിടെ നിന്നു തന്നെ എം.എ ലിംഗ്വിസ്റ്റിക്കും നേടിയ മാലിനി ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കി.
അതുപേക്ഷിച്ചാണ് സിവില്‍ സര്‍വ്വീസ് കോച്ചിങിനിറങ്ങിയത്. തിരുവന്തപുരത്തെ കോച്ചിങ് സെന്‍ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഹൈക്കോടതി അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റില്‍ 35-ാം റാങ്ക് നേടി സര്‍വ്വീസില്‍ പ്രവേശിച്ചെങ്കിലും അവധിയെടുത്ത് സിവില്‍ സര്‍വ്വീസ് പരിശീലനം തുടര്‍ന്നു.
നാലാമത്തെ ശ്രമത്തിലാണ് മാലിനിക്ക് സിവില്‍ സര്‍വ്വീസ് ലഭിച്ചത്. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ പി.കൃഷ്ണകുമാറിന്‍റെയും അദ്ധ്യാപികയായിരുന്ന ശ്രീലതയുടെയും മകളാണ്. സഹോദരി നന്ദിനി പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ്.