തിരുവനന്തപുരം: കാരുണ്യ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിശദമായ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തലാക്കിയതിനെത്തുടർന്ന് തുടർച്ചയായ ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ ധനവകുപ്പിന്‍റെ നിർദേശപ്രകാരമാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ അംഗമാകാത്ത എല്ലാ ആര്‍എസ്‌ബിവൈ കാര്‍ഡ് ഉടമകള്‍ക്കും കാസ്പിന് കീഴിലുള്ള എല്ലാ എം പാനല്‍ഡ് ആശുപത്രികളിലും കാസ്പ് നിരക്കില്‍ സൗജന്യ ചികിത്സ ലഭിക്കും.
കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍ കാസ്പില്‍ ഉള്‍പ്പെടാത്തതുമായ മാരക രോഗികള്‍ക്കും തുടര്‍ചികിത്സ ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുക ധനകാര്യ വകുപ്പ് ആശുപത്രികൾക്ക് നൽകും. ചികിത്സാ സഹായത്തിന് വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം റേഷൻ കാർഡിലെ വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാവും സഹായത്തിനുള്ള യോഗ്യത നിശ്ചയിക്കുക. ജൂണ്‍ 30 വരെ ലഭിച്ച അപേക്ഷകളില്‍ നിലവിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് മാനദണ്ഡമനുസരിച്ച് ലോട്ടറി വകുപ്പിന്റെ കീഴിലുള്ള കെബിഎഫ് അഡ്‌മിനിസ്‌ട്രേറ്റര്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ജൂലൈ ഒന്നിന് ശേഷം വരുന്ന അപേക്ഷകളിൽ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷത്തില്‍ താഴെ റേഷന്‍ കാര്‍ഡില്‍ വാര്‍ഷിക വരുമാനമുള്ള കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും കാസ്പ് എംപാനല്‍ഡ് ആശുപത്രികളില്‍ നിന്ന് കാസ്പ് നിരക്കില്‍ മൂന്ന് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും. ചിയാക്കിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍മാർക്കാണ് ഈ അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള ചുമതല.