തിരുവനന്തപുരം:കരമന സ്വത്ത് തട്ടിപ്പ് കേസില്‍ പൊലീസിനെതിരെ പരാതിയുമായി കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. ഇഷ്ടദാനം കിട്ടിയ ഭൂമിയുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥരായ രണ്ടു പൊലീസുകാര്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് രവീന്ദ്രന്‍ നായര്‍ ഡിജിപിക്ക് പരാതി നല്‍കി. ജയമാധവന്‍ നായരുടെ മരണം കഴിഞ്ഞ് ഒരു കൊല്ലത്തിന് ശേഷം ഉമാ മന്ദിരത്തിലെ സ്വത്തുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്ന് പറഞ്ഞ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ ആയ ശശിധരന്‍പിള്ള തന്നെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്ന് ഭൂമിയുടെ പങ്ക് ചോദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയപ്പോള്‍ ജയമാധവന്‍ നല്‍കിയെന്ന് പറയുന്ന വില്‍പത്രമടക്കമുള്ള രേഖകളുമായി വരാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് രേഖകളുമായി എത്തിയപ്പോള്‍ വസ്തുക്കളില്‍ നിന്ന് അഞ്ച് സെന്റ് സ്ഥലം തന്നൂകൂടെ എന്ന് ശശിധരൻ പിള്ള ചോദിച്ചുവെന്നാണ് പരാതി. ഇതിനിടെ മറ്റൊരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മധു മൂന്ന് സെന്‍റ് സ്ഥലവും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് മധുവിന് തന്നോട് വിരോധമുണ്ടെന്നും പരാതിയില്‍ പറയുന്നു.