തിരുവനന്തപുരം: കരമന കുളത്തറ കൂടത്തില്‍ നടന്ന ദുരൂഹത ആരോപിച്ച് അയല്‍വാസിയും. ബന്ധുവായ പ്രസന്നകുമാരി അമ്മയെ കൂടാതെ അയല്‍വാസിയായ അനില്‍കുമാര്‍ കൂടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍ അവസാനം നടന്ന ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്.
200 കോടി രൂപയുടെ സ്വത്ത് തട്ടിപ്പ് നടന്നതായും പരാതിയിലുണ്ട്. കുളത്തറയിലെ ഗോപിനാഥൻ നായരുടെ കൂടത്തിൽ 'ഉമാമന്ദിരം' എന്ന തറവാട്ടു വീട് കൂടാതെ ഏക്കറുകളോളം വസ്തുക്കളും ഈ കുടുംബത്തിന്‍റെ പേരിലുണ്ടായിരുന്നു. അവകാശികളെല്ലാം മരണപ്പെട്ടതോടെ വീട്ടിലെ ജോലിക്കാരിയുടെ മകനും കൂട്ടരും വ്യജ ഒസ്യത്തുണ്ടാക്കി സ്വത്തുക്കൾ കൈവശപ്പെടുത്തിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി. കോടതി ജീവനക്കാരനായ രവീന്ദ്രൻ നായർ എന്നയാളാണ് ഈ തട്ടിപ്പിനെല്ലാം നേതൃത്വം നൽകിയതെന്നും പരാതിയിൽ ആരോപിക്കുന്നു.
ഗോപിനാഥൻ നായർ ഭാര്യ സുമുഖിയമ്മ മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്‌ഠൻമാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ മരിച്ചത്. ജയമാധവൻ, ജയപ്രകാശ് എന്നിവരുടെ മരണത്തിലാണ് പരാതിക്കാർ പ്രധാനമായും ദുരൂഹത ആരോപിക്കുന്നത്. ഇരുവരുടെയും മരണം നടന്നപ്പോൾ ബന്ധുക്കൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരായിരുന്നു. വീടിനുള്ളിൽ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഈ മരണങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ പല മരണങ്ങളും പുറം ലോകത്തെ അറിയിച്ചതും വസ്തു തട്ടിയെടുത്ത ഈ സംഘം തന്നെയായിരുന്നു. ഇതാണ് ദുരൂഹത ഉയർത്തുന്നത്. ഇവരുടെ മരണ ശേഷം വസ്തുക്കൾ ഒരു ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി. ഈ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത അവരുടെ പേരിലാണ് വസ്തുക്കൾ മാറ്റിയിരിക്കുന്നത്. മരണത്തിലെ ദുരൂഹതയും വ്യാജരേഖ ചമച്ചതും ഉൾപ്പെടെ ഈ കേസിന് പിന്നിലുള്ളതെല്ലാം കണ്ടെത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഈ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.