തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിൽ കോഴ വാങ്ങിയെന്ന പരാതിയിൽ കേസെടുക്കാൻ ശുപാർശ. സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കേസെടുക്കാൻ ശുപാർശ ചെയ്‌തത്. കോഴയായി വാങ്ങിയ പണം തിരിച്ചു കൊടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ബിഷപ്പ് ധർമ്മരാജ റസാലം ഉൾപ്പെടെ കോളജ് മുൻ ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാം, തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനും രാജേന്ദ്രബാബു കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് വൻ തുക കോഴ വാങ്ങിയെന്ന പരാതിയെ തുടർന്നാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കോളജ് മാനേജ്മെന്‍റിനെതിരെ കേസെടുക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്.
ബിഷപ് ധർമ്മരാജ് റസാലം, കോളജ് മുൻ ഡയറക്ടറും തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിൽ മുമ്പ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ.ബെനറ്റ് എബ്രഹം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയത്.
24 രക്ഷിതാക്കളിൽ നിന്നും വലിയ തുക അഡ്മിഷനു വേണ്ടി വാങ്ങി. ഭൂരിഭാഗം പേർക്കും 10 ലക്ഷം മുതൽ 45 ലക്ഷം വരെ തിരികെ നൽകാനുണ്ട്. ഈ പണം തിരികെ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതു കൂടാതെ കേരളത്തിന് പുറത്തുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഡ്മിഷൻ നൽകാൻ തീരുമാനിച്ചത്. നീറ്റ് പരീക്ഷ യോഗ്യതയില്ലാത്തവർക്ക് അഡ്മിഷൻ നൽകാൻ ശ്രമം നടത്തിയതായും കമ്മിഷൻ കണ്ടെത്തി. അതേ സമയം വ്യക്തിപരമായി പണം കൈപറ്റിയിട്ടില്ലെന്നാണ് ആരോപണ വിധേയർ വാദിക്കുന്നത്. കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ട് സർക്കാരിന് കൈമാറി.