തിരുവനന്തപുരം: മുഴുപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ച സംഭവത്തിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവം അങ്ങേയറ്റം വേദനാജനകമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണ് ഈ മരണത്തിന് കാരണം. സംസ്ഥാനത്ത് വ്യാപകമാവുന്ന തെരുവ് നായകളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തത്. തെരുവ് നായകളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്‍റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്‍റെ ജീവന്‍ നഷ്‌ടമാക്കിയത്.
മുഴുപ്പിലങ്ങാട് മാസങ്ങള്‍ക്ക് മുന്‍പും തെരുവ് നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല. ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്. സംസ്ഥാനത്ത് പലയിടത്തും മാലിന്യനീക്കം നിലച്ചതും തെരുവ് നായകള്‍ വ്യാപകമാക്കാന്‍ കാരണമായി. മൂന്ന് വര്‍ഷമായി നായകളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ല.
READ MORE | കണ്ണൂരില്‍ 10 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; മരിച്ചത് ഭിന്നശേഷിയുള്ള കുട്ടി
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എബിസി പദ്ധതിയും നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായകളെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജന പദ്ധതികളും എബിസി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വഴി നടക്കാനാവാത്ത അവസ്ഥയുണ്ടാകുമെന്ന് ഭരണകൂടം ഓര്‍ക്കണമെന്നും പ്രതിപക്ഷനേതാവ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
അരയ്ക്ക് താഴേക്ക് ഗുരുതര മുറിവ്: ഇന്നലെയാണ് ഭിന്നശേഷിക്കാരനായ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. വീടിന് സമീപം ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയിലാണ് തെരുവ് നായകള്‍ നിഹാലിനെ ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയെ കാണാതായതിനെ തുടന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് അരക്കിലോമീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അരയ്ക്ക് താഴേക്ക് അതീവ ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ പറമ്പിലേക്ക് നായകള്‍ എത്തുന്നത് കണ്ടാണ് പരിസരവാസികള്‍ ഇവിടെയെത്തി പരിശോധന നടത്തിയത്.
തല മുതല്‍ പാദം വരെ നിരവധി കടികളാണ് കുട്ടിക്കേറ്റിരിക്കുന്നത്. സംസാര ശേഷിയില്ലാത്തതിനാല്‍ നിഹാലിന് ആക്രമണം നടക്കുന്ന സമയത്ത് ഒച്ചയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ സമീപത്തുളള ആരും ഈ വിവരം അറിഞ്ഞതുമില്ല. മുഴുപ്പിലങ്ങാടും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തേയും പരാതിയുയര്‍ന്നിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ്.