തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ബാങ്ക് മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ ആരോഗ്യം സ്ഥിതി മെച്ചപ്പെട്ടാല്‍ ഇന്ന് (നവംബര്‍ 10) വീണ്ടും ചോദ്യം ചെയ്യല്‍ തുടരും. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഭാസുരാംഗന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ് നടത്തി. ഇതിന് ശേഷം മകന്‍ അഖില്‍ ജിത്തിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അഖില്‍ ജിത്തിന്‍റെ കൈവശമുള്ള ആഢംബര കാറും സംഘം കസ്റ്റഡിയിലെടുത്തു. നിലവില്‍ അഖിൽ ജിത്ത് ഇഡിയുടെ കസ്റ്റഡിയിൽ തുടരുകയാണ്.
കസ്റ്റഡിയിലെടുത്ത അഖില്‍ ജിത്തിനെ ഇന്നലെ (നവംബര്‍ 9) ചോദ്യം ചെയ്യാന്‍ ഇഡി കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു. അഖില്‍ ജിത്തിന്‍റെ ചോദ്യം ചെയ്യല്‍ ഇന്ന് (നവംബര്‍ 10) വീണ്ടും തുടരും. കൊച്ചിയിലെ ഇഡി ഓഫിസിലാകും ചോദ്യം ചെയ്യലുണ്ടാകുക.
കേസും ഇഡി അന്വേഷണവും : കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും ഭാരവാഹികളും ഉദ്യോഗസ്ഥരും അടക്കം സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് കേസ്. 101 കോടിയുടെ തട്ടിപ്പ് നടത്തിട്ടുണ്ടെന്നാണ് ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇഡി അന്വേഷണം. കേസില്‍ സഹകരണ വകുപ്പ് രജിസ്ട്രാറിനോട് ഇഡി റിപ്പോർട്ട് തേടിയിട്ടുണ്ട്. സഹകരണ വകുപ്പ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്നും ഔട്ട് : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതോടെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാസുരംഗനെ പുറത്താക്കി. തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണനാണ് ഇന്നലെ (നവംബര്‍ 9) ഇക്കാര്യം അറിയിച്ചത്. സിപിഐ ജില്ല എക്‌സിക്യൂട്ടീവിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതോടെ ഭാസുരാംഗനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Also read: ഭാസുരാംഗന്‍ സിപിഐയില്‍ നിന്നും പുറത്ത്; തീരുമാനം ജില്ല എക്‌സിക്യുട്ടീവില്‍
കലക്ഷന്‍ ഏജന്‍റിന്‍റെ വീട്ടിലും പരിശോധന : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ കലക്ഷന്‍ ഏജന്‍റിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഇഡി വീട്ടില്‍ പരിശോധനക്കെത്തിയത്.