തിരുവനന്തപുരം : മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎം സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഎം കാസര്‍കോട് ജില്ല കമ്മിറ്റിക്കെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു പ്രതികരിച്ചെങ്കിലും അദ്ദേഹത്തെ തള്ളുകയാണ് കാനം രാജേന്ദ്രൻ ചെയ്‌തത്. താൻ കുറച്ചുകൂടി ഉത്തരവാദിത്തപ്പെട്ട നേതാവാണെന്നും വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നുമാണ് കാനത്തിന്‍റെ പ്രതികരണം.
പി പ്രകാശ് ബാബു ഉന്നയിച്ച വിമർശനം പാർട്ടിയിലും മുന്നണിയിലും പരിശോധിക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ ഇ ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിൽ സാക്ഷികളായ സിപിഎം നേതാക്കൾ കൂറുമാറിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രകാശ് ബാബു ഉയര്‍ത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ കൂറുമാറിയവരുടെ നിലപാടെന്ന് പ്രകാശ് ബാബു ചോദിച്ചിരുന്നു.
'ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണം': സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്നും സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ പ്രകാശ് ബാബു ഫേസ്‌ബുക്കിലാണ് ഇക്കാര്യം കുറിച്ചത്. അതേസമയം ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കൂറുമാറിയ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറി എംവി ബാലകൃഷ്‌ണന്‍ പറഞ്ഞു. ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളാണ് വിഷയം ഊതിവീര്‍പ്പിച്ചത്. സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണ്. സിപിഐയുടെ കാര്യത്തില്‍ സിപിഎം അഭിപ്രായം പറയുന്നില്ല. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടി ആര്‍എസ്എസിനെ സഹായിക്കാന്‍ പോയെന്ന് പറയുന്നത് കേവലം ചില ആളുകളുടെ വ്യാഖ്യാനം മാത്രമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്തായാലും പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടിക്ക് ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും എംവി ബാലകൃഷ്‌ണന്‍ പറഞ്ഞു.
'സിപിഎം - ബിജെപി കൂട്ടുകെട്ടിന്‍റെ തെളിവ്': കേസില്‍, തെളിവുകളുടെ അഭാവത്തില്‍ 12 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. 2016 മെയ് 19ന് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിലെ കാഞ്ഞങ്ങാട് നടന്ന ആഹ്‌ളാദ പ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ചന്ദ്രശേഖരനൊപ്പം പരിക്കേറ്റ സിപിഎം ജില്ല കമ്മിറ്റിയംഗമായ ടികെ രവി വിചാരണയ്ക്കിടെയാണ് കൂറുമാറിയത്.
ആക്രമണത്തില്‍ എംഎല്‍എയുടെ ഇടത് കൈയെല്ലിന് പരുക്കേറ്റിരുന്നു. പരിക്കേറ്റ കൈയുമായാണ് അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാറില്‍ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നത്. ഈ വേളയിലെ ചിത്രം ഉള്‍പ്പടെ പങ്കുവച്ചാണ് സിപിഐ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അതേസമയം, സിപിഎം - ബിജെപി കൂട്ടുകെട്ടിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവമെന്ന് ഡിസിസി പ്രസിഡന്‍റ് പികെ ഫൈസല്‍ പ്രതികരിച്ചു.