തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇപ്പോഴത്തെ നടപടികള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യത്തെ അല്ല ഗവര്‍ണര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മന്ത്രിമാരെ നിശ്ചയിക്കാനും പിന്‍വലിക്കാനും നിയമസഭ നേതാവായ മുഖ്യമന്ത്രിക്കാണ് അധികാരം.
ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിരിച്ചുവിടാന്‍ അധികാരമില്ല. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്‍റെ അധികാരം അറിയില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്ന് പറയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗവര്‍ണര്‍ പറഞ്ഞാല്‍ ഉടന്‍ ആരേയും പിരിച്ചു വിടാന്‍ പോകുന്നില്ല.
അധികാരമുണ്ടെങ്കില്‍ ഗവര്‍ണര്‍ മന്ത്രിയെ പുറത്താക്കട്ടെ അപ്പോള്‍ കാണാമെന്നും കാനം വെല്ലുവിളിച്ചു. പോസ്റ്റ് ഓഫിസുണ്ടെങ്കില്‍ ആര്‍ക്കും കത്തയക്കാം. അതൊന്നും ആരും വകവയ്ക്കില്ല.
സര്‍വകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആരും രാജിവച്ചില്ല. ഒരു പക്ഷി പോലും ചിലക്കുകയോ പറക്കുകയോ ചെയ്‌തില്ല. അധികാരമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ഇതാകും അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ ഇടതു മുന്നണി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാനം പ്രതികരിച്ചു.