തിരുവനന്തപുരം: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാഗർകോവിൽ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം (29), തൗഫീഖ് (27) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 31ന് വൈകിട്ട് നാലിന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കസ്റ്റഡി സമയത്ത് പ്രതികൾക്ക് അഭിഭാഷകരോട് സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് പ്രതികളെ 28 ദിവസം കസ്റ്റഡിയിൽ വിടണമെന്ന അപേക്ഷ പൊലീസ് നല്‍കിയത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും കൊലക്ക് ഉപയോഗിച്ച തോക്ക് ഉൾപ്പടെ കണ്ടെത്താനുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയെ പ്രതിഭാഗം അഭിഭാഷകൻ എതിർക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ കളിയിക്കാവിള, നെയ്യാറ്റിൻകര എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളിൽ നിന്നും ലഭിച്ച ചില നിർണായക വെളിപ്പെടുത്തലിന്റെ ഭാഗമായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.