തിരുവനന്തപുരം : രാജ്യവിരുദ്ധമായ കിംവദന്തികള്‍ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്ന പ്രമേയം സര്‍വകക്ഷി യോഗം ഏകകണ്‌ഠമായി അംഗീകരിച്ചു (All Party Meeting On Kalamassery Blast). മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വകക്ഷി യോഗത്തില്‍ പ്രമേയത്തെ ആരും എതിര്‍ത്തില്ല. കേരളത്തിന്‍റെ പൊതുസാമൂഹിക സാഹചര്യം ഇല്ലാതാക്കാന്‍ വ്യഗ്രതയുള്ളവര്‍ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ എന്ത് വില കൊടുത്തും അതിജീവിക്കണമെന്നും ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും പ്രമേയത്തില്‍ പറയുന്നു (All party meeting decisions).
ഒരു വിശ്വാസ പ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയേയോ സമൂഹത്തിനെയോ സമുദായത്തെയോ സംശയത്തോടെ കാണാന്‍ അനുവദിക്കാന്‍ പാടില്ല. ഭരണഘടനയിലെ മത നിരപേക്ഷത, വ്യക്തി സ്വാതന്ത്ര്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്‍റെ പരിരക്ഷയ്ക്ക് എല്ലാ വിധ സംരക്ഷത്തിന്‍റെയും ഉറപ്പുണ്ടാകും. ഇത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്‍റെയും ജനങ്ങളുടെയും ശത്രുക്കളാണ്.
ഇതിനായി ഓരോ സംഘടനയും മുന്നിട്ടിറങ്ങണം. അടിസ്ഥാന രഹിതമായ ഊഹാപോഹ പ്രചാരണങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഇതിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്‌ടലാക്ക് തിരിച്ചറിയണമെന്നും സമാധാനവും സമുദായ സൗഹാര്‍ദവും മതിനിരപേക്ഷ യോജിപ്പും ശക്തിപ്പെടുത്തി മുമ്പോട്ട് പോകാന്‍ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്നും സര്‍വകക്ഷി യോഗം ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ വര്‍ഷിക കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. ആരാധന സമയത്ത് ആക്രമണം നടന്നതിനാല്‍ വൈകാരികത ആളിക്കത്തിക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുന്നുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്.
അതേസമയം തെറ്റായ പ്രചരണം നടത്തുന്ന ആരായാലും കർക്കശമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ (ഒക്‌ടോബര്‍ 29) വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. കളമശ്ശേരില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവം ആണെന്നും അദ്ദേഹം പ്രതികരിച്ചു. 'കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂട എന്നാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. വിഷയത്തില്‍ മാധ്യമങ്ങൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. മൊത്തത്തിൽ ആരോഗ്യകരമായ സമീപനമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിച്ചത്' - മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി. കേസിന്‍റെ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനാണ്.