തിരുവനന്തപുരം: പീഡന ശ്രമം എതിർത്തതിനുള്ള വിരോധത്തിൽ കടയ്ക്കാവൂർ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്‌ഠനാണ് പ്രതി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ഡിസംബർ 9നാണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡന ശ്രമം എതിർത്ത ശാരദ ബഹളം വച്ചപ്പോൾ പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
Also Read:സ്ത്രീധന പീഡനം, സൈബര്‍ അതിക്രമം? പിങ്ക് പൊലീസ് വീട്ടിലെത്തും
വീട്ടമ്മ കൊല്ലപ്പെട്ട മൂന്നാം ദിവസം പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ കുറ്റസമ്മതമൊഴി അനുസരിച്ച് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വസ്‌ത്രങ്ങളിലെ മനുഷ്യരക്തം കൊല്ലപ്പെട്ട ശാരദയുടേതാണെന്ന് രാസപരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക വഴിത്തിരിവായി. വിചാരണ വേളയിൽ പ്രതിക്ക് ജാമ്യം കൊടുക്കരുത് എന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചിരുന്നു.
ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.