തിരുവനന്തപുരം: കേരള ബാങ്കില്‍ എൻആർഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച് മാർച്ചോടെ തീരുമാനമുണ്ടാകുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിൽ സർക്കാർ അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എന്നിവ കേരള ബാങ്കിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. കേരള ബാങ്കിന് അന്യസംസ്ഥാനങ്ങളിൽ ശാഖ തുടങ്ങുന്നത് ഭാവിയിൽ പരിഗണിക്കും. മലപ്പുറം ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിക്കാത്തത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം കൊണ്ട് മാത്രമാണ്. സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനമാണ് . തകർച്ചയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.