തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കാപ്പ (Kerala Anti-Social Activities (Prevention)Act, 2007) ചുമത്തുന്നതില്‍ തീരുമാനം വൈകരുതെന്ന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതില്‍ തീരുമാനമെടുക്കുന്നത് വൈകുന്നുവെന്ന് ഡി.ജി.പി സര്‍ക്കാറിനെ അറിച്ചിരുന്നു.
കാപ്പയുടെ കാര്യത്തില്‍ ജില്ല കലക്‌ടര്‍മാര്‍ തീരുമാനമെടുക്കുന്നതില്‍ താമസമുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പി നല്‍കിയത്. ഇതേ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്‍റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചാണ് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചത്.
കാപ്പ ചുമത്തുന്നത് സംബന്ധിച്ച പൊലീസിന്റെ അപേക്ഷകളില്‍ കലക്ടര്‍മാര്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചയില്‍ കൂടുതല്‍ തീരുമാനം വൈകിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അനാവശ്യമായി കാപ്പ ചുമത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറിയടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. കാപ്പ ചുമത്തുന്നത് വൈകുന്നത് മൂലം ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നത് വൈകുകയാണെന്നാണ് പൊലീസിന്റെ നിലപാട്. സംസ്ഥാന വ്യാപകമായി ഗുണ്ടകളുടെ വിളയാട്ടമാണെന്നും ഇതിനെ നേരിടാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.