തിരുവനന്തപുരം : വ്യാജരേഖ ചമച്ച് താത്‌കാലിക അധ്യാപക ജോലി നേടിയ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പിടികൂടാത്തതിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പ്രതിഷേധവുമായി കെഎസ്‌യു. വിദ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തുകയാണെന്ന് ആരോപിച്ചാണ് ലുക്ക് ഔട്ട് നോട്ടിസ് സമരം. വിദ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു വാഴക്കുല ഇനാം നല്‍കുമെന്നും കെഎസ്‌യു പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കാനുളള കെഎസ്‌യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്ത് ലുക്ക് ഔട്ട് നോട്ടിസ് പതിക്കാന്‍ എത്തിയത്. ബാരിക്കേഡ് തീര്‍ത്ത് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ബാരിക്കേഡില്‍ പോസ്റ്റര്‍ പതിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനുശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് വാഹനങ്ങളില്‍ പോസ്റ്റര്‍ പതിച്ചു.
പൊലീസ് ബസുകളില്‍ പോസ്റ്റര്‍ പതിച്ച ശേഷം ജീപ്പില്‍ പോസ്റ്റര്‍ പതിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തടഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകരെ ബലമായി പൊലീസ് തള്ളിമാറ്റിയതോടെ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനുശേഷം സമീപത്തെ സിഐടിയു തൊഴിലാളികളുടെ ഷെഡ്ഡിലെ ബോര്‍ഡിലും കെഎസ്‌യു പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചു. ഇതും പൊലീസ് തടഞ്ഞു. ഡിവൈഎഫ്‌ഐയുടെ കൊടിമരത്തിന് സമീപമായി നോട്ടിസ് ഒട്ടിച്ച ശേഷമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മടങ്ങിയത്. ഈ പോസ്റ്റര്‍ പൊലീസ് ഉടന്‍ തന്നെ നീക്കം ചെയ്യുകയുമുണ്ടായി. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പൊലീസിനെ സഹായിക്കാനാണ് കെഎസ്‌യു ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
'സംരക്ഷിക്കുന്നത് സിപിഎം നേതാക്കള്‍': മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ള സിപിഎമ്മിലെ ഉന്നത നേതാക്കളാണ് വിദ്യയെ സംരക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഗുരുതരമായ ക്രമക്കേടുകള്‍ തുറന്നുകാട്ടാനാണ് ശ്രമിക്കുന്നത്. അതിനെ കേസെടുത്ത് തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംസ്ഥാന വ്യപകമായി വിദ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ കെഎസ്‌യു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ്. നാളെ പൊലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
2018 - 19, 2020 - 21 വര്‍ഷങ്ങളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കി 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ വിദ്യ കരിന്തളം ഗവണ്‍മെന്‍റ് കോളജില്‍ ജോലി ചെയ്‌തിരുന്നു. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ജോലിക്ക് അപേക്ഷ നല്‍കിയിപ്പോഴാണ് സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളജില്‍ വിവരം തേടിയത്. വിദ്യ കോളജില്‍ അധ്യാപികയായി ജോലി ചെയ്‌തിട്ടില്ലെന്ന് മഹാരാജാസ് കോളജ് രേഖാമൂലം മറുപടി നല്‍കിയതോടയാണ് അട്ടപ്പാടി കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞിട്ടും പൊലീസിന് വിദ്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
കാസര്‍കോടും കെഎസ്‌യു പ്രതിഷേധം : വിദ്യയുടെ അറസ്റ്റ് വൈകുന്നതിലും കെഎസ്‌യു നേതാക്കൾക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധിച്ച് കാസർകോട് എസ്‌പി ഓഫിസിലേക്ക് കെഎസ്‌യു മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് നേരിയ തോതിലുള്ള സംഘർഷത്തിന് ഇടയാക്കി. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി.