തിരുവനന്തപുരം: കെ - റെയിലിന് കേന്ദ്ര അനുമതി ലഭിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം കള്ളമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാരിന്‍റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഗവർണർക്കെതിരെ തെറ്റായ നടപടികളെടുത്താൽ സർവകലാശാല വി.സിമാർ റോഡിലിറങ്ങി നടക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഗവർണറെ ആക്ഷേപിക്കാൻ മുൻകൈയെടുത്തത് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. സർവകലാശാലാ വിഷയത്തിൽ സി.പി.എം പ്രതിരോധത്തിലായപ്പോൾ ആദ്യമെത്തിയത് വി.ഡി സതീശനാണ്. മുഖ്യമന്ത്രിയുടെ പി.ആർ ആയാണ് സതീശൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
READ MORE: കെ റെയിൽ : കേന്ദ്ര സര്‍ക്കാരും റെയില്‍വേയും അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി
എസ്.എഫ്.ഐ നേതാവ് ധീരജിൻ്റെ അന്ത്യയാത്ര നടക്കുമ്പോഴായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ തിരുവാതിര കളി. ആനാവൂർ നാഗപ്പൻ്റെ കൺമണികൾ തിരുവാതിര കളി നടത്തി. പോപ്പുലർ ഫ്രണ്ടിൻ്റെ മുന്നിൽ മുട്ടിടിക്കുന്ന സർക്കാരാണ് കേരളത്തിലേത്. കൊലപാതകങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത് വർഗീയ കലാപങ്ങളാണ്. ഐ.എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിന് സർക്കാർ വളം വെച്ച് കൊടുക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.