തിരുവനന്തപുരം : കെ.ടി ജലീൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയത് പച്ചയായ ഭീഷണിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റബ്ബറിന് 300 രൂപ നിശ്ചയിച്ചാല്‍ ബിജെപിയുടെ എംപി ഇല്ല എന്ന പ്രശ്‌നം പരിഹരിക്കാം എന്ന ബിഷപ്പിന്‍റെ പരാമർശത്തിനെതിരെയാണ് മുൻ മന്ത്രി കെ.ടി ജലീൽ എംഎൽഎ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. റബ്ബറിന്‍റെ വില വാങ്ങാൻ കഴുത്തിനുമുകളിൽ തല ഉണ്ടായിട്ട് വേണ്ടേ എന്ന കെ.ടി ജലീലിന്‍റെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി ജലീൽ സിമിയുടെ നേതാവായിരുന്നു. മുമ്പ് പോപ്പുലർ ഫ്രണ്ടുകാർ പറഞ്ഞതാണ് ഇപ്പോൾ അദ്ദേഹം പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പ് നാർകോട്ടിക്ക് ജിഹാദ് പരാമർശം നടത്തിയപ്പോൾ അദ്ദേഹത്തിന് നേരെ സ്വീകരിച്ച സമീപനമാണ് ഇപ്പോൾ തലശ്ശേരി ബിഷപ്പിനെതിരെയും നടത്തിയിരിക്കുന്നത്. ഇതില്‍ സർക്കാർ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നേതാക്കള്‍ക്കെന്താണ് അഭിപ്രായം : ജലീലിന്‍റെ പ്രസ്‌താവനയെ ഇടതുമുന്നണിയില്‍ ജോസ് കെ.മാണിയെ പോലുള്ള മറ്റ് നേതാക്കള്‍ അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. അഴിമതി തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായാണ് ഇഡിയുടെ അന്വേഷണങ്ങളെന്നും ഫാരിസ് അബൂബക്കർ കോൺഗ്രസിന്‍റെയും മാനസപുത്രൻ ആണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
പ്രസ്‌താവനയോട് നേതാക്കള്‍ : ഇക്കഴിഞ്ഞ ദിവസമാണ് റബ്ബറിന് തറവില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് കത്തോലിക്കാ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന ഏറെ വിവാദങ്ങളിലേക്ക് നീങ്ങുന്നത്. എന്നാല്‍ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്‌താവന ക്രൈസ്‌തവരുടെ മുഴുവന്‍ അഭിപ്രായമായി കാണുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്‌റ്ററുടെ പ്രതികരണം. അതൊരു വ്യക്തിപരമായ അഭിപ്രായമായി മാത്രം കണ്ടാല്‍ മതി. രാജ്യ വ്യാപകമായി ക്രൈസ്‌തവര്‍ക്ക് നേരെ വലിയ കടന്നാക്രമണം നടക്കുകയാണ്.
ഈ സാഹചര്യത്തില്‍ റബ്ബര്‍ വിലയുടെ പേരില്‍ ക്രൈസ്‌തവര്‍ ഇങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഷപ്പിന് അഭിപ്രായം പറയാമെന്നും അതില്‍ ഉറച്ചുനില്‍ക്കാമെന്നും പറഞ്ഞ അദ്ദേഹം, അതുകൊണ്ടൊന്നും ആരും ഭയപ്പെടുമെന്ന് കരുതരുതെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം ബിഷപ്പിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ഗ്രഹാം സ്‌റ്റെയിന്‍സിന്‍റെയും സ്‌റ്റാന്‍ സ്വാമിയുടെയും രക്തസാക്ഷിത്വം ഓര്‍മിപ്പിച്ചായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പ്രതികരണം.
ഗ്രഹാം സ്‌റ്റെയിനും ഫാദര്‍ സ്‌റ്റാന്‍ സ്വാമിയും ഉള്‍പ്പടെയുള്ള അനേകം മിഷണറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബിജെപിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് അത് ഓര്‍മപ്പെടുത്തുന്നതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മദര്‍ തെരേസയുടെ ഭാരത രത്ന റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും നൂറുകണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തുകയും ചെയ്‌ത സംഘപരിവാര്‍ ശക്തികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കര്‍ഷക രോഷമോ : എന്നാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിന്‍റെ പ്രസ്‌താവന കർഷകരുടെ വികാര പ്രകടനത്തിന്‍റെ ഭാഗമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ എം.എം ഹസൻ പ്രതികരിച്ചത്. മാത്രമല്ല ബിഷപ്പിന്‍റെ നേതൃത്വത്തില്‍ കർഷക സമരം സംഘടിപ്പിച്ചാല്‍ താന്‍ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.