തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീപിടിത്തമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തീപിടിച്ചതെന്ന് പൊതുഭരണ വകുപ്പ് ജൂലായ് 13ന് പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി കെ. സുരേന്ദ്രന്‍ ആരോപിച്ചു.
സെക്രട്ടേറിയറ്റിലെ സെക്ഷനുകളിലും ഓഫീസുകളിലുമുള്ള റാക്കുകള്‍, അലമാരകള്‍ എന്നിവയുടെ മുകളിലുള്ള ഫയലുകളും വിജ്ഞാപനങ്ങളും മറ്റുതരത്തിലുള്ള കടലാസുകളും സൂക്ഷിച്ചിരിക്കുന്നത് അഗ്നിബാധയ്‌ക്ക് കാരണമാകുമെന്നും അവ നീക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും ഇ-ഫയലുകളല്ല. സുപ്രധാന ഫയലുകള്‍ പേപ്പര്‍ ഫയലുകളാണ്. ചില ഫയലുകള്‍ മാത്രമാണ് എന്‍.ഐ.എയ്‌ക്ക് കൈമാറിയത്. കൂടുതല്‍ ഫയലുകള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് കത്തിച്ചു കളഞ്ഞതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. അടച്ചിട്ട പ്രോട്ടോക്കോള്‍ ഓഫീസില്‍ സി.പി.എം അനുയായികളായ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. ഇവരാണ് തീ വെച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.