തിരുവനന്തപുരം: ലഹരി മാഫിയക്കും ഗുണ്ടാസംഘങ്ങൾക്കും പ്രവർത്തിക്കാൻ സർക്കാർ സഹായം നൽകുകയാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവർ തന്നെ ലഹരി കടത്തുകയാണെന്നും എല്ലാ ലഹരി മാഫിയക്ക് പിന്നിലും സിപിഎമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ പാൻ മസാല കടത്തിയ സിപിഎം കൗൺസിലർ ഷാനവാസിനെ സംരക്ഷിക്കുന്നത് മന്ത്രി സജി ചെറിയാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനത്തെ നിയമസംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കലോത്സവത്തിലടക്കം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാഷ്‌ട്രീയ നേട്ടത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മന്ത്രിമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർ സ്വന്തം ജോലികൾ ഒന്നും ചെയ്യുന്നില്ല. ഇതിന്‍റെ ദുരിതം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപി ജയരാജന് ആയുർവേദ റിസോർട്ടിലെ കോടികളുടെ നിക്ഷേപം സംബന്ധിച്ച് സംസ്ഥാന ഏജൻസി ഒരു അന്വേഷണവും നടത്തുന്നില്ല. അന്വേഷണം കേന്ദ്രസർക്കാരിന് കൈമാറാനും സിപിഎം സർക്കാർ തയ്യാറായിട്ടില്ലെന്നും എല്ലാ ആരോപണങ്ങളിലും ഇതുതന്നെയാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ഭരണത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസും അധികാരികളുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്നാല്‍ സന്ദീപ് വാര്യർക്കെതിരെ ബിജെപി നടപടിയെടുത്തത് പ്രവീൺ റാണയുമായുള്ള ബന്ധത്തിന്‍റെ പേരിലാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. സംസ്ഥാന അധ്യക്ഷ മാറ്റത്തെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും താൻ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.