തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതര സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്നതില്‍ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്‍റെ കൈയില്‍ എത്ര പേർ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുവെന്ന കണക്കില്ല. മറ്റ് സംസ്ഥാനങ്ങൾ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുമ്പോൾ കേരളം ഒന്നും ചെയ്യാതെ പ്രചരണ പരിപാടികൾ നടത്തുകയാണ്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ശ്രാമിക് ട്രെയിൻ ഓടിക്കാൻ കേന്ദ്രം തയ്യാറാണ്. അതിഥി തൊഴിലാളികളുമായി പോയ ട്രെയിനുകൾ കാലിയായാണ് തിരികെ എത്തിയത്. സർക്കാർ ശ്രമിച്ചിരുന്നെങ്കില്‍ ആയിരങ്ങളെ ഈ ട്രെയിനുകളിലൂടെ തിരിച്ച് എത്തിക്കാമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രവാസികൾ മടങ്ങിയെത്തിയാല്‍ കേരളം ഗതികേടിലാവുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇവരെ പുനരധിവസിപ്പിക്കാൻ കേരള സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വാചക കസർത്ത് മാത്രമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ജൻധൻ യോജന പ്രകാരമുള്ള അക്കൗണ്ടുകൾ ജില്ലാ സഹകരണ ബാങ്കുകളിൽ എടുത്തവർക്ക് പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായുള്ള പണം ലഭിച്ചില്ല. ഈ വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കാതെ ബാങ്കുകൾ കബളിപ്പിക്കുകയാണ്. ഇതിലൂടെ രണ്ട് ലക്ഷം പേർക്ക് ആദ്യ ഗഡു നഷ്ടമായി. ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.