എറണാകുളം: കേരള സ്‌കൂൾ കായിക മേളയ്ക്ക് മെട്രോ നഗരത്തിൽ വർണാഭമായ തുടക്കം. ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂൾ കായിക മേളയുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.
വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ഭിന്ന ശേഷിക്കാരിയായ ശ്രീലക്ഷ്‌മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലായിരത്തോളം കുട്ടികൾ അണിനിരന്ന സാംസ്‌കാരിക പരിപാടികൾ നടന്നു. പിടി ഡിസ്പ്ലേ, കലസ്തെനിക്‌സ്, എയ്റോബിക്‌സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്.
നേരത്തെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ട്രോഫി ദീപശിഖ റാലി പ്രയാണം മഹാരാജാസ് മൈതാനിയിൽ സമാപിച്ചു. 2500 ഓളം കുട്ടികൾ റാലിയിൽ പങ്കെടുത്തിരുന്നു. മാർച്ച് പാസ്‌റ്റിന് ശേഷം കായിക താരങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളും ദീപശിഖ പ്രയാണത്തിൽ പങ്കാളികളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കായിക മേളയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്സൈസിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ 40 സ്പെഷ്യൽ സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.
കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും.
അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്‌റ്റുകളുടെയും സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും. പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്‌റ്റ് എയ്‌ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി കട്ടിൽ, ബെഡ്, സ്ട്രെച്ചർ, വീൽചെയർ എന്നിവ സജ്ജമാക്കും. ഭിന്നശേഷിക്കാരായ 4000ലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
Also Read: പാലക്കാടിന് പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; പദ്ധതിയുമായി കെസിഎ, നിര്‍മാണം ജനുവരിയില്‍ തുടങ്ങും