തിരുവനന്തപുരം: ലാവലിൻ കേസ് 20 തവണ മാറ്റിവച്ചത് കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പിണറായി വിജയനെ സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ഭരണകൂട സമ്മർദ്ദമില്ലാതെ സുപ്രീം കോടതി ജഡ്‌ജിമാർ ഇത്തരമൊരു തീരുമാനം എടുക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. തിരുവനന്തപുരം ഡിസിസി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
വൈകിവരുന്ന വിധി ന്യായം നീതി നിഷേധത്തിന് തുല്യമാണെന്നത് ലാവലിൻ കേസ് സാക്ഷാത്കരിക്കുകയാണെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു.
കോൺഗ്രസിനെ എതിർക്കുക എന്നതിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ ചിന്തയാണെന്ന് സുധാകരൻ പറഞ്ഞു. കേരളത്തിൽ സിപിഎം അധികാരത്തിൽ വരുന്നതിൽ ബിജെപിക്ക് എതിർപ്പില്ല എന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. മുഖ്യമന്ത്രിക്കെതിരെ നിരവധി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയെങ്കിലും ഒന്നും ഉണ്ടായില്ല. ഈ അവിശുദ്ധ കൂട്ടുകെട്ടിന് എതിർക്കാൻ കോൺഗ്രസിന് പുതിയൊരു പ്രവർത്തനശൈലി വേണമെന്നും സുധാകരൻ പറഞ്ഞു.
Also Read: സ്‌കൂൾ തുറക്കുന്നത് വിശദമായ പഠനത്തിന് ശേഷമെന്ന് മന്ത്രി വി.ശിവൻകുട്ടി